പൊലീസ് ചമഞ്ഞെത്തി തട്ടിപ്പ്: കുവൈറ്റിൽ രണ്ട് പേർ അറസ്റ്റിൽ

0
20

കുവൈറ്റ്: പൊലീസ് വേഷത്തിലെത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഈജിപ്ഷ്യൻ സ്വദേശികളായ രണ്ട് പേരെയാണ് കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ചമഞ്ഞെത്തി ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹവാലി മേഖലയിൽ സമാന തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രവാസികൾ പിടിയിലാകുന്നത്.

കുവൈറ്റികളുടെ സംഭാഷണവുമായാണ് രണ്ട് പേർ തങ്ങളെ സമീപിച്ചതെന്നാണ് തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച രണ്ട് സ്വദേശികൾ പൊലീസിനെ അറിയിച്ചത്. തട്ടിപ്പുകാരുടെ വാഹനത്തിൽ പൊലീസ് വാഹനത്തിലേത് പോലെ ഫ്ലാഷറും ഉണ്ടായിരുന്നു. വഴിയില്‍ തടഞ്ഞുനിർത്തി സിവിൽ ഐഡി ആവശ്യപ്പെട്ടു. എന്നാൽ സംശയം തോന്നിയപ്പോൾ തങ്ങൾ അവരുടെ പൊലീസ് ഐഡി ചോദിച്ചുവെന്നും സ്വദേശികൾ പറയുന്നു.

ഇവർ നൽകിയ വിവരം അനുസരിച്ച് നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പൊലീസ് രണ്ട് തട്ടിപ്പുകാരെയും പിടികൂടുകയായിരുന്നു.