20 വർഷത്തെ വ്യാജ പൗരത്വ രേഖ ചമച്ച കേസിൽ സിറിയൻ സഹോദരങ്ങൾ പിടിയിൽ

കുവൈത്ത് സിറ്റി: 20 വർഷം മുമ്പ് വ്യാജരേഖ ചമച്ച് കുവൈറ്റ് പൗരത്വം നേടിയ രണ്ട് പ്രവാസി സഹോദരങ്ങളെ കുവൈറ്റ് അധികൃതർ പിടികൂടി. സിറിയക്കാരാണ് അറസ്റ്റിലായത്. വ്യാജ പൗരത്വം ചമച്ചതിനും സർക്കാർ ഏജൻസികളിൽ ജോലി ചെയ്തതിനും കുവൈത്ത് പൗരന്മാർക്ക് പണം നൽകി ആനുകൂല്യങ്ങൾ നേടുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയത്. രണ്ട് സിറിയക്കാരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വെക്കാൻ കോടതി ഉത്തരവിട്ടതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. കുവൈറ്റ് പൗരൻ്റെ മക്കളാണെന്ന് നിയമവിരുദ്ധമായി അവകാശപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 20 വർഷം മുമ്പ് 30,000 ദിനാർ നൽകിയാണ് ഇവർ കുവൈറ്റ് പൗരത്വം നേടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അവരുടെ യഥാർത്ഥ പിതാവ് കുവൈത്തിന് പുറത്ത് താമസിക്കുന്ന സിറിയക്കാരനാണ്. കേസിൽ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.