കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കുന്ന പ്രവാസികളെ കണ്ടെത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
31

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ  അറുപതിനായിരത്തോളം പ്രവാസികൾ കാലഹരണപ്പെട്ട ഡ്രൈവിങ്ro ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി ആഭ്യന്തര മന്ത്രാലയം .  സാധുതയില്ലാത്ത ലൈസൻസുകൾ തിരിച്ചേൽപ്പിക്കുവാൻ  മന്ത്രാലയം ലൈസൻസ്‌ ഉടമകളോട്‌ ആവശ്യപ്പെട്ടു.രാജ്യത്തെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ്‌ ജനറൽ ഷൈഖ്‌ ഫൈസൽ അൽ നവാഫിന്റെ നിർദ്ദേശത്തെ തുടർന്നാണു നടപടി.

ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉടമ ലൈസൻസ് ലഭിക്കുന്നതിനു അർഹമല്ലാത്ത മറ്റൊരു പദവിയിലേക്ക്‌ ജോലി മാറുന്ന വേളയിലാണു ലൈസൻസ്‌ റദ്ധ്‌ ചെയ്യപ്പെടുകയോ അല്ലെങ്കിൽ പുതുക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തുകയോ ചെയ്യുന്നത്‌. പക്ഷേ ഈ ലൈസൻസ് കൈവശം വച്ച് വാഹനമോടിക്കുന്നു.  പരിശോധനയിൽ പിടിക്കപ്പെടുമ്പോൾ   5 ദിനാർ പിഴയടച്ചു നാടു കടത്തൽ ശിക്ഷയിൽ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണു ഇവരെ കണ്ടെത്തുന്നതിന് മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ഇത്തരത്തിൽ നിയമ ലംഘകരായ ലൈസൻസ്‌ ഉടമകളുടെ താമസരേഖ പുതുക്കുന്നത്‌ ഉൾപ്പെടെ എല്ലാ ഇടപാടുകൾക്കും വിലക്ക്‌ ഏർപ്പെടുത്തുവാനാണു മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്‌ . താമസരേഖ പുതുക്കുന്ന സമയത്ത് കാലഹരണപ്പെട്ടതും പുതുക്കാൻ സാധിക്കാത്തതുമായ ലൈസൻസുകൾ തിരിച്ചേൽപ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ പഴയ ലൈസൻസ് ഉടമകൾ ലൈസൻസിന് കാലാവധി ഉണ്ടെങ്കിൽ പോലും പുതിയ മാതൃകയിലുള്ള ലൈസൻസിലേക്ക് മാറ്റുവാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.