കുവൈത്ത് സിറ്റി: ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികാഘോഷം അതി വിപുലമാക്കാൻ ഒരുങ്ങി കുവൈത്ത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി കുവൈത്തിൽ നടക്കുക. കുവൈത്ത് നാഷനല്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചര്‍ സെക്രട്ടറി ജനറല്‍ കാമില്‍ അബ്ദുല്‍ ജലീലും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ, സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. സംഗീത പരിപാടികള്‍, ഇന്ത്യന്‍ സിനിമാ പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍, ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍, വിനോദ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍, ടെക്‌സ്റ്റൈല്‍ എക്‌സിബിഷന്‍, ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളും ആഭരണങ്ങളും മറ്റും കുവൈറ്റിലുള്ളവരെ പരിചയപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ തുടങ്ങിയവയാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുക.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉള്ളതെന്ന് കാമില്‍ അബ്ദുല്‍ ജലീല്‍ അഭിപ്രായപ്പെട്ടു. ഇത് സുദൃഢം ആക്കുന്നതിനുള്ള നല്ലൊരു അവസരമായി ഈ വാര്‍ഷികാഘോഷ പരിപാടികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളിലൂടെ ജനങ്ങള്‍ പാകിയ ശക്തമായ അടിത്തറയിലാണ് ഇന്ത്യ കുവൈത് ബന്ധം നിലനിൽക്കുന്നതെന്ന് അംബാസിഡർ സിബി ജോർജ് പറഞ്ഞു. സൗഹൃദത്തിന് ഇടയിലെ നാഴികക്കല്ലാണ് വാര്‍ഷികാഘോഷമെന്നും അംബാസഡര്‍ സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു. .