കുവൈത്ത് സിറ്റി : 60 വയസ്സിന് മുകളിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് റസിഡൻസി പുതുക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ മാനവവിഭവ ശേഷി സമിതി ഡയരക്റ്റർ അഹമ്മദ് മൂസയേ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തു.മന്ത്രി സഭാ തീരുമാന പ്രകാരം വാണിജ്യ-വ്യവസായ മന്ത്രിയും മാനവശേഷി സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാനാണു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മൂന്നു മാസത്തേക്കാണു സസ്പെൻഷൻ.
റസിഡൻസി നൽകുന്നതിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം, അധികാര പരിധിക്ക് പുറത്ത് നിന്നുകൊണ്ട് ചെയ്തതാണ്. ഇതിനെതിരെ കഴിഞ്ഞദിവസം അന്വേഷണം ആരംഭിച്ചിരുന്നു. ഏത് സാഹചര്യത്തിലാണു തീരുമാനം കൈകൊണ്ടത് എന്നാണു പ്രധാനമായും അന്വേഷിക്കുന്നത്.
ഈ വർഷം ജനുവരി ഒന്നു മുതലാണു 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രസിഡൻസി പുതുക്കുന്നത് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത്.എന്നാൽ ഇതിനു നിയമപരമായ സാധുത ഇല്ലെന്ന് ഫത്വ ലെജിസ്ലേഷൻ സമിതി കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടതോടെ നിയമം സ്വമേധയാ റദ്ധാകുകയായിരുന്നു. .ഇതിനു പുറമേ അന്താ രാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന മറ്റു ചില തീരുമാനങ്ങളും ഇദ്ദേഹം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.