കവൈത്തിലെ ജയില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നു

0
28

കുവൈത്ത് സിറ്റി: കവൈത്തിലെ ജയില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നു. പബ്ലിക് പ്രോസിക്യൂഷനാണ് നടപടിയുമായി രംഗത്ത് വന്നത്. ഇതിന്റെ ഭാഗമായി തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജയിലില്‍ കഴിയുന്നതിന് പകരം സ്വന്തം വീടുകളില്‍ വച്ചുതന്നെ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന രീതി നടപ്പിലാക്കുന്നതായി റിപ്പോര്‍ട്ട്.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് പബ്ലിക് പ്രൊസിക്യൂഷന്‍ അന്തിമ രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കുറ്റകൃത്യത്തിന്റെ സ്വഭാവവും ശിക്ഷാ കാലാവധിയും തടവുകാരന്റെ പെരുമാറ്റവുമെല്ലാം പരിഗണിച്ചായിരിക്കും തീരുമാനം. സ്വദേശികളും വിദേശികളുമായ തടവുകാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പരീക്ഷണാര്‍ഥം ഇങ്ങനെ വീടുകളില്‍ തടവില്‍ കഴിയാനുള്ള അവസരം നല്‍കാവുന്ന 17 പേരുടെ പട്ടിക പബ്ലിക് പ്രൊസിക്യൂഷന്‍ തയ്യാറാക്കിക്കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇവര്‍ വീടുകളില്‍ തന്നെ തടവ് കാലം ചെലവഴിക്കുന്നുവെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലില്‍ ധരിക്കുന്ന ഇലക്ട്രോണിക് വളയാണിത്. സ്വന്തം നിലയ്ക്ക് അഴിച്ചെടുക്കാന്‍ കഴിയാത്ത ഈ വള ധരിക്കുന്നവര്‍ എവിടേക്കൊക്കെ നീങ്ങുന്നുവെന്ന് അധികൃതര്‍ക്ക് നിരീക്ഷിക്കാനാവും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വള അഴിച്ചുമാറ്റാന്‍ സാധിക്കൂ എന്നതിനാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങാനാവില്ല. അതേസമയം, നിര്‍ദ്ദേശം ലംഘിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന പക്ഷം, അവരുടെ വീട്ടുതടങ്കല്‍ ഒഴിവാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം.