കുവൈറ്റ് സിറ്റി: ഒന്നര മാസത്തിനിടെ കുവൈത്തിൽ നിയമലംഘനത്തിന് നാടുകടത്തിയത് 2739 പ്രവാസികളെ. സുരക്ഷാ പരിശോധനയ്ക്കിടെ
അറസ്റ്റിലായ പ്രവാസികളെയാണ് നാടുകടത്തിയത്.
ആഭ്യന്തര മന്ത്രി താമര്‍ അലി സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1657 പേര്‍ സപ്തംബറിലും 1,082 പേര്‍ ഒക്ടോബര്‍ ആദ്യ പകുതിയിലുമാണ് നാടുകടത്തപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് താമസ, തൊഴില്‍ വിസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്ക് അവരുടെ നിയമവിരുദ്ധ താമസം ക്രമവല്‍ക്കരിക്കുന്നതിന് ഒരു വര്‍ഷത്തിലേറെ നീണ്ട പൊതുമാപ്പ് കാലാവധി ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു. നിശ്ചിത തുക പിഴയടച്ച് താമസം ക്രമപ്രകാരമാക്കുകയോ അല്ലെങ്കില്‍ നാട്ടിലേക്ക് തിരികെ പോവുകയോ ചെയ്യാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ പൊതുമാപ്പ് കാലാവധി പല തവണ പുതുക്കി നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്താതെ അനധികൃത താമസം തുടര്‍ന്നവര്‍ക്കെതിരേയാണ് ഇപ്പോള്‍ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.