കുവൈത്തിൽ ദിവാനിയകൾ സജീവമാകുന്നു; വിവാഹ വേദികൾക്കായും വൻ ബുക്കിംഗ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ദിവാനിയകൾ 18 മാസങ്ങൾക്ക് ശേഷം വീണ്ടും സജീവമായതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ദിവാനിയയിലെ ചർച്ചകൾ കുവൈറ്റ് സമൂഹത്തിന്റെ ഒരു പ്രധാന അടയാളവും അവിഭാജ്യ ഘടകവുമാണ്, അവിടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാറുണ്ട്. കുവൈത്ത് സ്വദേശികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് ദിവാനിയകൾ എന്ന് തന്നെ പറയാം.

അതേസമയം, വിവാഹ ഹാളുകൾ, ഹോട്ടലുകളിലെ ബോൾറൂമുകൾ, സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ഹാളുകൾ എന്നിവ ഒരു വർഷവും 8 മാസവും നീണ്ട ഇടവേളയ്ക്ക് ശേഷം വിവാഹങ്ങൾക്കും വിവിധ പരിപാടികൾക്കും ആയി ഒരുക്കുന്നതിന്റെ ഭാഗമായി നവീകരിക്കുകയാണ്.
ചില ഹാളുകൾക്ക് ഇതിനകം തന്നെ ധാരാളം റിസർവേഷനുകൾ ലഭിച്ചതായാണ് പ്രാദേശിക പത്ര റിപ്പോർട്ടുകളിൽ പറയുന്നത്.നവംബർ മാസത്തിൽ വിവാഹ ഹാൾ ബുക്കിംഗിൽ വൻ വർധനവാണ് വന്നത് . പൗരന്മാരും താമസക്കാരും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള വാരാന്ത്യങ്ങൾ തിരഞ്ഞെടുത്ത് ഹാളുകൾ റിസർവ് ചെയ്യാൻ തുടങ്ങി.