60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി പുതുക്കൽ; കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഞായറാഴ്ച PAM ബോർഡ് അംഗങ്ങളുടെ യോഗം വിളിച്ചു

0
26

കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രിയും മാൻപവർ പബ്ലിക് അതോറിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാൻ ഈ വരുന്ന ഞായറാഴ്ച പാം ബോർഡ് അംഗങ്ങളുടെ യോഗം വിളിച്ചു. അൽ അൻബാ പത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് യോഗം നടക്കുക.

60 കഴിഞ്ഞവരില്‍ ബിരുദമില്ലാത്ത പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് നേരത്തേ മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണെന്ന് കുവൈത്ത് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി നിലപാട് വ്യക്തമാക്കിയിരുന്നു. പ്രവാസികളുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഫത്വ കമ്മിറ്റിയുടെ തീരുമാനത്തിനു ശേഷം ചേരുന്ന അതോറിറ്റിയുടെ ആദ്യ യോഗമാണ് ഞായറാഴ്ച നടക്കുക. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന വിവാദ ഉത്തരവ് അതോറിറ്റി യോഗം ഔദ്യോഗികമായി പിന്‍വലിക്കുമെന്നാണ് സൂചന. നിലവില്‍ വിസ പുതുക്കാനാവാതെ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.