60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി പുതുക്കൽ; 500 ദിനാർ പ്രതിവർഷ നിരക്കിൽ ഇൻഷുറൻസ് അനുവദിക്കാൻ 6 കമ്പനികൾ തയ്യാറായതായി റിപ്പോർട്ട്

0
15

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിനു സ്വകാര്യ ആരോഗ്യ ഇൻഷുറൻസ്‌ നിർബന്ധമാക്കിയിരുന്നു. 500 ദിനാർ പ്രതിവർഷ നിരക്കിൽ നിരക്കിൽ ഇൻഷുറൻസ് അനുവദിക്കാൻ 6 കമ്പനികൾ മുന്നോട്ട്‌ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കുവൈത്ത് ഇൻഷുറൻസ് കമ്പനി, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ്, അൽ അഹിലിയ ഇൻഷുറൻസ് കമ്പനി, വർബ ഇൻഷുറൻസ് കമ്പനി, ഫസ്റ്റ് താകഫുൾ കമ്പനി, വെത്താഖ് ഇൻഷുറൻസ് കമ്പനി എന്നീ കമ്പനികളാണ് സന്നദ്ധത അറിയിച്ചത്.

60 വയസ്സിനു മുകളിൽ പ്രായമായ വിദേശികൾക്ക്‌ താമസ രേഖ പുതുക്കുന്നതിനു മാനവവിഭവശേഷി അതോറിറ്റി ഏർപ്പെടുത്തിയ വിലക്ക്‌ ഫത്വ ലെജിസ്ലേറ്റീവ്‌ സമിതിയുടെ റദ്ധായിരുന്നു. ഇതെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയുടെ അധ്യക്ഷതയിൽ മാനവ വിഭവ ശേഷി സമിതി ഡയരക്റ്റർ ബോർഡ്‌ യോഗം ചേരുകയും തീരുമാനം ഔദ്യോഗികമായി റദ്ധാക്കുകയും ചെയ്തു. പ്രസ്തുത വിഭാഗത്തിൽ പെടുന്ന പ്രവാസികൾക്ക് 500 ദിനാർ വാർഷിക ഫീസും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തി താമസ രേഖ പുതുക്കാൻ സമിതി അനുമതി നൽകി. ഇതിനു പിറകെ വാർഷിക ഇൻഷുറൻസ്‌ ഫീസ്‌ 1200 ആയി നിശ്ചയിച്ചു കൊണ്ട്‌ സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികളുടെ കൂട്ടായ്മ രംഗത്ത്‌ വന്നിരുന്നു. ഇതോടെ ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക്‌ ഒരു വർഷത്തെ താമസരേഖ പുതുക്കുന്നതിനു ഏകദേശം 1700 ദിനാറിനു മുകളിൽ ചെലവ്‌ വരുമെന്ന ആശങ്കകൾക്കിടയിലാണു 500 ദിനാർ വാർഷിക നിരക്കിൽ ഇൻഷുറൻസ്‌ പരിരക്ഷ നൽകാൻ പ്രമുഖ കമ്പനികൾ മുന്നോട്ട്‌ വന്നിരിക്കുന്നത്‌.