കുവൈത്ത് സിറ്റി : കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അപകടകരമാം വിധം വർധിച്ചതായി റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് രാജ്യത്ത് ഒറ്റ ദിവസം ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നാണ്. ലഭ്യമായ കണക്കുകൾ അനുസരിച്ച് ഈ വർഷം രാജ്യത്ത് സ്വയം ജീവനൊടുക്കിയവരുടെ എണ്ണം 120 ആയി. കുവൈത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്.കഴിഞ്ഞ വർഷം 90 പേരാണു ആത്മഹത്യ ചെയ്തത്.
പ്രാദേശിക മാധ്യമ വാർത്തകളിൽ പറയുന്നത് പ്രകാരം ആത്മഹത്യ ചെയ്യുന്നവരിൽ മുന്നിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് . രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ ശേഷമാണ് ആത്മഹത്യ നിരക്കിൽ കാര്യമായ വർധന ഉണ്ടായത്. ഈ പ്രവണത വർദ്ധിച്ച സാഹചര്യത്തിൽ ആത്മഹത്യാ ശ്രമം നടത്തുന്ന പ്രവാസികളെ നാടു കടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം , കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്താൻ
തീരുമാനിച്ചതായി മേധാവി അലി അൽ ബഘ്ലി അറിയിച്ചു. ആഭ്യന്തരം, ആരോഗ്യം, മാനവ ശേഷി സമിതി ഉൾപ്പെടേ 7 സർക്കാർ ഏജൻസികളുമായി ഏകോപിച്ചു കൊണ്ടായിരിക്കും പഠനം നടത്തുക.