കുവൈത്ത് സിറ്റി: നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് കുവൈറ്റിൽ നിന്നും നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്ന അക്കൗണ്ടുകളും പ്രവർത്തനരഹിതമാക്കും. ഇതു സംബന്ധിച്ച നിർദ്ദേശം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ബാങ്കുകൾക്ക് നൽകിയതായി അൽ റായ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ പിന്നീട് നിയമവിരുദ്ധ പ്രവൃത്തികൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അതേസമയം ഇത് ഉടനടി നടപ്പാക്കാൻ പ്രായോഗിക പ്രയാസങ്ങളുള്ളതായി ബാങ്കിങ് രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു.
മിനിമം ബാലൻസ് ആവശ്യമില്ലാത്തതോ അല്ലെങ്കിൽ പണമൊന്നും ഇല്ലാത്തതോ ആയ സാധാരണ പ്രവാസികളുടെ അക്കൗണ്ടുകൾ റദ്ദാക്കുന്നതിനോ മരവിപ്പിക്കുന്നതിനോ തടസമുണ്ടാകില്ല. എന്നാൽ ലോൺ അടച്ചുതീർക്കാനോ മറ്റോ ബാക്കിയുള്ള അക്കൗണ്ടുകൾ ഉടനെ ക്ലോസ് ചെയ്യാൻ സാധിക്കില്ല. അക്കൗണ്ട് ഉടമ രാജ്യത്ത് തന്നെ വേണമെന്നില്ലാത്ത തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുളും റദ്ദാക്കാനാവില്ല. ഇത്തരം അക്കൗണ്ടുകളിൽ ഉടമകൾ ഇടപാടുകൾ അവസാനിപ്പിച്ചതിന് ശേഷമേ തുടർ നടപടികൾ സാധ്യമാവൂ എന്നാണ് ബാങ്കിങ് രംഗത്തുള്ളവരുടെ അഭിപ്രായം.