2022-ഓടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.)യുടെ ‘ഗഗൻയാൻ’ പദ്ധതിയുമായി സഹകരിക്കാൻ വ്യോമസേന.
പദ്ധതിയുടെ ഭാഗമായി ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനുമുള്ള ചുമതല വ്യോമസേന ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഐ.എസ്.ആർ.ഒ.യും വ്യോമസേനയും തമ്മിൽ ധാരണയായി. എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂറും ‘ഗഗൻയാൻ’ പ്രോജക്ട് ഡയറക്ടർ ആർ. ഹട്ടനുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
2022-ൽ മൂന്നുപേരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം. ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കാൻ 14 മാസംവരെ വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. അടിസ്ഥാനപരിശീലനം ഇന്ത്യയിൽ നൽകുമെന്നും കൂടുതൽ സാങ്കേതികപരിശീലനത്തിന് വിദേശരാജ്യത്തിന്റെ സഹായംതേടുമെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.
ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതും പരിശീലനംനൽകുന്നതും വ്യോമസേനയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിൻ ആയിരിക്കും. ആദ്യഘട്ടത്തിൽ, താത്പര്യമുള്ള 30 പേരെ തിരഞ്ഞെടുക്കും. ഇതിൽനിന്ന് തിരഞ്ഞെടുത്ത 15 പേർക്ക് അടിസ്ഥാനപരിശീലനം നൽകും. ഇവരിൽനിന്ന് ഒന്പതുപേരെ തിരഞ്ഞെടുത്ത് മൂന്നംഗങ്ങൾ വീതമുള്ള മൂന്നുസംഘങ്ങൾ രൂപവത്കരിക്കും. ഇതിൽനിന്നായിരിക്കും ദൗത്യത്തിനായി മൂന്നുപേരെ നിയോഗിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ. അധികൃതർ പറഞ്ഞു. ശാസ്ത്രലോകം ഉറ്റുനോക്കുന്ന ദൗത്യത്തിന്റെ ചുമതല മലയാളിയായ ഡോ. ഉണ്ണികൃഷ്ണൻനായർക്കാണ്. പ്രോജക്ട് ഡയറക്ടർ ആർ. ഹട്ടനും മലയാളിയാണ്.
ജി.എസ്.എൽ.വി. മാർക്ക് മൂന്ന് ശ്രേണിയിൽപ്പെട്ട റോക്കറ്റായിരിക്കും ദൗത്യത്തിനായി ഉപയോഗിക്കുന്നത്. 10,000 കോടി രൂപയാണ് ആദ്യഘട്ടമെന്നനിലയിൽ സർക്കാർ ഇതിനായി അനുവദിച്ചത്.