രാത്രി മുന്നറിയിപ്പില്ലാതെ   മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി

0
32

കേരളത്തിന്റെ ആവശ്യം അവഗണിച്ച്  തമിഴ്നാട് ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ   മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി.  ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയിൽ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നത്. അണക്കെട്ടിന്റെ പത്ത് സ്പിൽവെ ഷട്ടറുകൾ പുലർച്ചെ തുറന്നു. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി. സെക്കന്റിൽ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത് .

പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറി. മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഉയർത്തിയ പത്ത് ഷട്ടറുകളിൽ അഞ്ചെണ്ണം അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. കൃത്യമായ അറിയിപ്പില്ലാതെ രാത്രി ഷട്ടർ തുറക്കരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തമിഴ്‌നാട് പരിഗണിച്ചില്ല