പ്രദീപിന് ധീരോചിതമായ യാത്രാമൊഴി

0
28

കുനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം ജൻമനാടായ തൃശ്ശൂർ പൊന്നൂക്കരയിൽ എത്തിച്ചു സംസ്കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ ഒരു മണിക്കൂറോളം നീണ്ട പൊതുദർശനം അവസാനിച്ച ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്‍റെ വസതിയിലും പുത്തൂര്‍ ഗവര്‍മെന്‍റ് സ്കൂളിലുമായി തടിച്ച് കൂടിയത്. മന്ത്രിമാരായ കെ.രാജൻ, കെ. കൃഷ്ണൻകുട്ടി , ആർ ബിന്ധു, കെ രാധാകൃഷ്ണൻ എം.എൽ.എ മാർ, എം.പി മാർ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ശനിയാഴ്ച ഉച്ചയോടെ റോഡുമാർഗമാണ് കോയമ്പത്തൂരിൽ നിന്ന് പ്രദീപിന്റെ മൃതദേഹം വാളയാറിലെത്തിച്ചത്. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികൾ അർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേർ കാത്തുനിന്നു.

വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജൻ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്ടർ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.