കെ.എസ് ഷാൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ

0
23

ആലപ്പുഴയിൽ sdpi സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയ
ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്.
ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ അഖിൽ ഓടിച്ച ആംബുലൻസിൽ കയറിയാണ് രക്ഷപ്പെട്ടത്. ഫോറൻസിക് വിദഗ്ധർ കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുമുണ്ട്.

അതേസമയം, രഞ്ജിത്ത് വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഇന്നലെ പിടികൂടിയ മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. രഞ്ജിത്ത് വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലിസ് പറയുന്നു. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകൾ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഒരു വാഹനത്തിൽ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചു. രരഞ്ജിത്ത് വധക്കേസിൽ ചോദ്യം ചെയ്യാനായി മണ്ണഞ്ചേരി പഞ്ചായത്തംഗവും എസ്.ഡി.പി.ഐ നേതാവുമായ നവാസ് നൈനയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ രണ്ടു ദിവസമായി കരുതൽ കസ്റ്റഡിയിലാണ്. ആർ.എസ്.എസ്-എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ പ്രതികൾക്കായി വ്യാപക പരിശോധന നടക്കുന്നുണ്ട്