കുവൈത്ത് സിറ്റി : കുവൈത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിലെ പ്രാർത്ഥനക്കായി പ്രത്യേക സമയ ക്രമം നിശ്ചയിച്ചു. ഒമിക്രോൺ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനം. രാജ്യത്തെ 7 ക്രിസ്ത്യൻ ദേവാലയങ്ങളിലെ അധികാരികളുമായി ചർച്ച നടത്തിയ ശേഷമാണ് ഓരോ വിഭാഗം രാജ്യക്കാർക്കും പ്രത്യേക സമയ ക്രമം നിശ്ചയിച്ചത്
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന സാഹചര്യത്തിലാണ് നടപടി. ഓരോ പള്ളികളിലും ഉൾകൊള്ളാവുന്ന വിശ്വാസികളുടെ 50 ശതമാനം ശേഷിയിൽ ആണ് പ്രവേശനം അനുവദിക്കുക.ഇതിനു പുറമെ കുവൈത്ത് സിറ്റിയിലെ പള്ളികളുടെ ഭാഗത്തുള്ള പാലം താൽക്കാലികമായി അടച്ചു. ആരാധനക്കായി എത്തുന്ന വിശ്വാസികളെ ഇവിടെ നിന്ന് പള്ളിയിലേക്ക് കൊണ്ടു വരുന്നതിനും തിരികെ എത്തിക്കുന്നതിനും പ്രത്യേക ബസുകൾ ഏർപ്പെടുത്തി.ആരോഗ്യ മുൻ കരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.ആരാധനക്ക് എത്തുന്ന എല്ലാ വിശ്വാസികളും ഫേസ് മാസ്ക്, അകലം പാലിക്കൽ മുതലായ ആരോഗ്യ മുൻ കരുതലുകൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.