കുവൈത്ത് സിറ്റി: രണ്ടാഴ്ച നീണ്ട ഇടവേളക്കുശേഷം കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കുന്നത് പുനരാരംഭിച്ചു. രാജ്യത്തെ ട്രാഫിക് തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു . എന്നാൽ അധികൃതർ ഇത് നിഷേധിച്ചെങ്കിലും പ്രവാസികൾക്ക് ലൈസൻസ് പുതുക്കാൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു വസ്തുത. ഇതാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള പ്രവാസികൾ 7 ലക്ഷത്തിലധികം വരും. ഇതിൽ 2 ലക്ഷത്തോളം പേർ ലൈസൻസിനുള്ള നിശ്ചിത അർഹത മാനദണ്ഡങ്ങൾ പുലർത്തുന്നില്ല എന്ന വിലയിരുത്തലിൻറ അടിസ്ഥാനത്താനത്തിലാണ് അർഹത പരിശോധന നടത്താൻ വകുപ്പുതല നിർദേശമുണ്ടായത്.