കുവൈത്ത് സിറ്റി: സ്‌കൂളുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജ് പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അൽ യാക്കൂബ്. വിദ്യാഭ്യാസ മേഖലകളിൽ അനുഭവപ്പെടുന്ന കുറവ് നികത്തുന്നതിന് 2,100 സ്ത്രീ-പുരുഷ തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം സെമസ്റ്റർ അടുത്തിരിക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തീകരിക്കുന്നതിനായി അദ്ദേഹം ബന്ധപ്പെട്ട കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ കമ്മിറ്റികളിൽ നിന്ന് കുറച്ച് അംഗങ്ങളെ അദ്ദേഹം മാറ്റിയതായും റിപ്പോർട്ട് ഉണ്ട്. അതോടൊപ്പം സ്‌കൂളുകളിൽ തൊഴിലാളികളെ നിയമിക്കുന്നത് വേഗത്തിലാക്കാൻ സമിതി മേധാവികൾക്ക് കർശന നിർദേശം നൽകിയിട്ടുമുണ്ട്