കുവൈത്ത് സിറ്റി: പ്രവാസി ജീവനക്കാര്‍ക്ക് ബാങ്ക് ലോണ്‍ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കുവൈത്തിലെ ബാങ്കുകൾ. നിർദിഷ്ട വരുമാനമില്ലാത്ത പ്രവാസികള്‍ക്ക് വായ്പയ്ക്ക് അര്‍ഹത ഇല്ലാത്ത വിധം വായ്പാ നയത്തില്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മിക്ക ബാങ്കുകളും. ഇതുപ്രകാരം ചുരുങ്ങിയത് 700 ദിനാർ ശമ്പളം ലഭിക്കുന്ന പ്രവാസികള്‍ക്കു മാത്രമേ വായ്പ ലഭിക്കൂ.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ വായ്പാ ചട്ടങ്ങളില്‍ ചെറിയ ഇളവുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ വീണ്ടും ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് തുക ഈടാക്കുക എളുപ്പമാക്കുന്നതിന് വേണ്ടിയാണിതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പുതുതായി ജോലിയില്‍ പ്രവേശിച്ച പ്രവാസികള്‍ക്ക് വായ്പ നല്‍കേണ്ടതില്ലെന്ന തീരുമാനവും പുതിയ വായ്പാ നയത്തിന്‍റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. ഇവര്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വായ്പ നല്‍കൂ. അതേസമയം, സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സമയത്ത് വലിയ തുക ഗ്രാറ്റുവിറ്റിയായി ലഭിക്കുന്ന തൊഴിലാളികളെ 700 ദിനാര്‍ എന്ന മാസ ശമ്പള വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എടുക്കുന്ന ലോണിനേക്കാള്‍ തുക ഗ്രാറ്റുവിറ്റി ലഭിക്കുന്നവര്‍ക്കാണ് ഇളവുള്ളത്. അതിനുള്ള രേഖകള്‍ ലോണ്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.