കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിമൂന്നാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈത്ത് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള എല്ലാ ആരോഗ്യ നടപടിക്രമങ്ങളും പാലിച്ച് കൊണ്ടായിരുന്നു ആഘോഷങ്ങൾ.
അംബാസിഡർ സിബി ജോർജ് എംബസി അങ്കണത്തിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ പൂക്കൾ അർപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് അംബാസിഡർ ഇന്ത്യൻ പ്രസിഡന്റിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശവും വായിച്ചു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായതിന്റെ ഭാഗമായുള്ള ആസാദി കി അമൃത് വർഷ് ആഘോഷസമയത്തെ റിപ്പബ്ലിക്ക് ദിനം ഏറെ പ്രത്യേകത നിറഞ്ഞതാതാണെന്ന് സിബി ജോർജ് തൻറെ പ്രസംഗത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി അശ്രാന്തം പോരാടുകയും പരിശ്രമിക്കുകയും ചെയ്തവരെ ഇന്നും ഓർമിക്കണം എന്നു പറഞ്ഞ അദ്ദേഹം ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. ഇന്ത്യ- കുവൈത്ത് ബന്ധം കൂടുതൽ ദൃഡമാക്കുന്നതിനുള്ള എംബസിയുടെ പരിശ്രമങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. നിരവധി പേരാണ് ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തത്.