ദിലീപ് അടക്കമുള്ളവരുടെ 6 ഫോണുകൾ കോടതിയിൽ സമർപ്പിച്ചു, മുൻകൂർ ജാമ്യ ഹരജി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ദിലീപ് അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം കേസിൽ ആരോപണവിധേയരായ ദിലീപ് ഉൾപ്പെടെ ഉള്ളവരുടെ 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറിൽ സമർപ്പിച്ചു . രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതേസമയം തര്‍ക്കത്തിലുള്ള നാലാമത്തെ ഫോണിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് ഒപ്പം മറ്റ് ഫോണുകള്‍ തങ്ങള്‍ക്ക് വിട്ടു കിട്ടണം എന്നതാണ് പ്രോസിക്യൂഷന്‍ വാദിക്കുക. ഒപ്പം പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിക്കും. കേസില്‍ ഫോണ്‍ പരിശോധിക്കാനുള്ള ഏജന്‍സിയെ കോടതി ഇന്ന് തീരുമാനിച്ചേക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ കാര്യത്തിലും വാദം നടത്താന്‍ സാധ്യതയുണ്ട്.