കുവൈത്ത് സിറ്റി : കുവൈത്ത് ഇന്ത്യക്കാരായ തടവുകാരെ ഉടൻതന്നെ ഇന്ത്യയിലേക്ക് കൈമാറും. പല കേസുകളിലായി ശിക്ഷിക്കപ്പെട്ട് കുവൈത്തിലെ ജയിലുകളിൽ കഴിയുന്ന 250 ഓളം ഇന്ത്യൻ തടവുകാരെയാണ് കൈമാറുക. ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്ക് കൈമാറുന്ന തടവുകാരുടെ പട്ടിക പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയിൽ അധികൃതരുമായി ഏകോപിപ്പിക്കുന്നതിനും ഇതിനുള്ള തയ്യാറെടുപ്പിനും മുന്നോടിയാണ് തടവുകാരുടെ പട്ടിക ഇന്ത്യൻ സർക്കാരിനു കൈമാറിയതെന്നും സ്ഥാനപതി വ്യക്തമാക്കി. ഈ തടവുകാർക്ക് അവശേഷിക്കുന്ന ശിക്ഷാ കാലവധി സ്വന്തം രാജ്യത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ 2015 ജൂലായ് 22 നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
കുവൈത്ത് അറ്റോർണി ജനറൽ കൗൺസിലർ ദിരാർ അൽ അസൂസിയുമായി സ്ഥാനപതി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഇന്ത്യൻ തടവുകാരുടെ കൈമാറ്റവും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.