ഐ എൻ എല്ലിൽ വീണ്ടും പ്രതിസന്ധി, സംസ്ഥാന പ്രസിഡൻറ് എ പി അബ്ദുൽ വഹാബിന് പരിപൂർണ പിന്തുണയുമായി പ്രവർത്തകർ

0
26

ഐ എന്‍ എല്ലിൽ വീണ്ടും പ്രതിസന്ധി. പാർട്ടി സംസ്ഥാന കമ്മിറ്റിയും , കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പി പി അബ്ദുൽ വഹാബിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ  നടപടികൾ എന്ന അഭിപ്രായമാണ്  പാർട്ടി പ്രവർത്തകരിൽ നിന്ന് ഉയരുന്നത്. പാര്‍ട്ടിയുടെ ഏക എം എല്‍ എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നത് ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പ്രൊഫ. എ പി അബ്ദുല്‍ വഹാബ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ  പാർട്ടി പ്രശ്നങ്ങളിൽ മധ്യസ്ഥരുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളെ മാനിക്കാതെ അഖിലേന്ത്യാ നേതൃത്വം ഏകപക്ഷീയമായി സംസ്ഥാന കമ്മിറ്റിയെ  പിരിച്ചു വിടുകയായിരുന്നു.സംസ്ഥാന നേതൃത്വത്തിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെടരുത് എന്നതായിരുന്നു മധ്യസ്ഥ ചര്‍ച്ചയിലെ പ്രധാന തീരുമാനമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൾ വഹാബ് പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി ഇരു വിഭാഗത്തിൽ നിന്നും അഞ്ചു പേർ വീതമുള്ള ഒരു  സമിതിയെ മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഈ സമിതി വിളിച്ചു ചേർത്ത്  ചർച്ച നടത്താനുമുള്ള നിർദ്ദേശത്തെ മറു വിഭാഗം തള്ളിക്കളയുകയും അഖിലേന്ത്യാ നേതൃത്വം ഇത് അംഗീകരിക്കുകയുമായിരുന്നു. അഖിലേന്ത്യാ കമ്മറ്റിയുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും അബ്ദുൾ വഹാബ് ആരോപിച്ചു.

അതേസമയം വിഷയത്തിൽ അതിൽ പ്രവർത്തകർ ഒന്നടങ്കം എ പി അബ്ദുൽ വഹാബിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്.

ഐഎൻഎൽ സംസ്ഥാന കമ്മിറ്റിക്കെതിരായ ദേശീയ നേതൃത്വത്തിന്റെ നടപടികൾ അംഗീകരിക്കില്ല എന്നും, സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബിന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഐ എം സി സി കുവൈത്ത് ഘടകം രംഗത്തുവന്നു

ഇന്ത്യൻ നാഷണൽ ലീഗ് ദേശീയ നേതൃത്വം കേരള സംസ്ഥാന കമ്മിറ്റിക്കെതിരെ സ്വീകരിച്ച ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ഐഎംസിസി കുവൈത്ത് കമ്മിറ്റി വ്യക്തമാക്കി.

ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദേശപരമാണ്. പാർട്ടി സംസ്ഥാന ഘടകത്തിലെ വിഭാഗീയതക്ക് അറുതി വരുത്താൻ ഇതുവരെ ദേശീയ കമ്മിറ്റിക്ക്‌ കഴിഞ്ഞിട്ടില്ല. നിഷ്പക്ഷമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഒരു വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടികൾ മുഴുവൻ പ്രവർത്തകരും തള്ളിക്കളയും എന്നും അവർ പറഞ്ഞു.

അടുത്ത കാലത്ത് പാർട്ടിയിലേക്ക് കടന്നു വന്ന ചിലരുടെ താല്പര്യങ്ങൾക്ക് ദേശീയ നേതൃത്വം വഴങ്ങുകയാണ്, ഇത് പാർട്ടി കെട്ടിപ്പടുത്ത നേതാക്കളുടെയും യഥാർത്ഥ പാർട്ടി പ്രവർത്തകരുടെയും പൊതു വികാരത്തെ അവഗണിക്കുകയാണ്. പാർട്ടിക്ക് വേരോട്ടമുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയെ ചിന്നഭിന്നമാക്കിയതു പോലെ കേരളത്തിലും പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം എതിർക്കപ്പെടേണ്ടതാണ്.

സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ പൂർണ വിശ്വാസം അർപ്പിക്കുന്നു, ശക്തമായ പിന്തുണയും പ്രഖ്യാപിക്കുന്നതായി ചെയർമാൻ ഹമീദ് മധൂർ , പ്രസിഡണ്ട് സത്താർ കുന്നിൽ , ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ ആർ നഗർ, ഓർഗനൈസിംഗ് സെക്രട്ടറി ഉമർ കൂളിയങ്കാൽ എന്നിവർ അറിയിച്ചു. മുഴുവൻ ഭാരവാഹികളും പ്രവർത്തസമിതി അംഗങ്ങളും ഈ തീരുമാനത്തിനൊപ്പമാണെന്നും ഉടൻ തന്നെ പ്രവർത്തക കൺവെൻഷൻ ചേർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും നേതാക്കൾ അറിയിച്ചു.