റഷ്യന്‍ സേന കീവില്‍

0
17

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചെന്ന് സ്ഥിരീകരണം. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളില്‍ എത്തി. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

വന്‍ സ്ഫോടന പരമ്പരയാണ് കീവിലുണ്ടായത്. ജനവാസ മേഖലകളിലും ആക്രമണമുണ്ടായി. കനത്ത ആള്‍നാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന കീവ് വളയാന്‍ ശ്രമിക്കുകയാണെന്നും താനും കുടുംബവും കീവില്‍ തന്നെ തുടരുമെന്നും പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു.

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നും സെലന്‍സ്‌കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1986 ല്‍ ആണവദുരന്തം നടന്ന മേഖല, കീവിന് വടക്കുള്ള ചെര്‍ണോബില്‍ ആണവനിലയം എന്നിവ റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി ഉക്രയ്നിയന്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസിലെ ഉപദേഷ്ടാവ് വ്യാഴാഴ്ച പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റഷ്യയുടെ ആക്രമണം തുടങ്ങിയത്. സ്ഫോടനങ്ങളും വെടിവെപ്പുകളും പ്രധാന നഗരങ്ങളെ നടുക്കിയപ്പോള്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ രാജ്യത്തു നിന്നും പലായനം ചെയ്തു.