കുവൈത്ത് സിറ്റി: കൊവിഡ്-19 ബാധിച്ച വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ അടുത്ത ഞായറാഴ്ച ആരംഭിക്കുമെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിദ്യാർത്ഥികൾ ഞായറാഴ്ച ഇന്റർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകളിൽ പരീക്ഷ എഴുതുമെന്ന് അൽ ജരിദ പത്രം റിപ്പോർട്ട് ചെയ്തു . ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് പ്രത്യേക മുറികൾ ഒരുക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം ലഭിച്ചതായും പത്ര റിപ്പോർട്ടിലുണ്ട്.
അതേസമയം സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പുതിയ നടപടികൾ ആലോചിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളാക്കി കൊണ്ടുള്ള നിലവിലെ സംവിധാനത്തിന് പകരമായി സ്കൂളുകളിൽ മുഴുവൻ ശേഷിയും പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യത മന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ടിലുള്ളത്.