കുവൈത്ത് സിറ്റി: വിദേശികളുടെ റസിഡൻസി സംബന്ധിച്ച കരട് നിയമം പാർലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതി നാളെ പരിഗണിക്കും. നിരവധി ഭേദഗതികൾ നിർദ്ദേശിച്ചു കൊണ്ടുള്ള ഒരു മെമ്മോറാണ്ടം ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി വിദേശ നിക്ഷേപകർക്ക് 15 വർഷവും വിദേശ താമസക്കാർക്ക് അഞ്ചുവർഷവും റസിഡൻസി അനുവദിക്കണമെന്ന നിർദ്ദേശം ഇതിലുണ്ട്.
ഹോട്ടലുകളും വീടുകളും വാടകയ്ക്ക് നൽകുന്നവർ അവിടെ താമസിക്കുന്ന വിദേശികളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട അതോറിറ്റിയെ അറിയിക്കുകയും അവരുടെ താമസവുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുകയും വേണം എന്ന നിർദ്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയ ജീവനക്കാർക്ക് ബന്നപ്പെട്ട രേഖകൾ അവലോകനം ചെയ്യാനും നിയമലംഘകരെ ഉചിതമായ അധികാരികൾക്ക് റഫർ ചെയ്യാനും അധികാരമുണ്ട്.
വിദേശിയായ പിതാവിനും സ്വദേശിയായ അമ്മയ്ക്കും ഉണ്ടായ കുഞ്ഞുങ്ങൾക്ക് പരമാവധി 10 വർഷത്തെ റസിഡൻസി അനുവദിക്കണമെന്ന ഭേദഗതിയും കട നിയമത്തിലുണ്ട്.