സാംസ്കാരിക പ്രബുദ്ധത വാക്കുകളിൽ മാത്രമോ

0
14

പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും മനസ്സിനിണങ്ങുന്ന പങ്കാളിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. മതത്തിൻറെയും സമൂഹ വിലക്കുകളുടെയും അപ്പുറത്ത് ജീവിതം കൂട്ടുകൂടുന്നവർ നിരവധിയാണ്. പക്ഷേ എന്നും ചോദ്യശരങ്ങൾ ഉയരുന്നത് ഒരു പ്രത്യേക മതവിഭാഗത്തിന് നേരെ മാത്രമാണെന്നതാണ് നമ്മുടെ സാംസ്കാരിക പ്രബുദ്ധത വാക്കുകളിൽ മാത്രം ആണോ എന്ന സംശയം ഉണ്ടാക്കുന്നത് .

സ്വയേച്ഛയനുസരിച്ച് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ആർജ്ജവവും സ്വാതന്ത്ര്യവും മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ  ആണിനും പെണ്ണിനുമുണ്ട്. എന്നാൽ,  സ്വന്തം മാതാപിതാക്കളുടെ മനസ്സ് കാണാനും ആകുലതകൾ മനസ്സിലാക്കാനും കുട്ടികളും തയ്യാറാകണം. ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ തങ്ങളുടെ വീട്ടുകാരെ കൂടെ വിശ്വാസത്തിൽ എടുത്തുക്കാൻ കുട്ടികൾ തയ്യാറാകണം.

രണ്ടുപേർ തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും ഒരു  മതത്തിന് നേരായ ആക്രമണമായി  ചിത്രീകരിക്കുന്ന പ്രവണത ഈയടുത്തകാലത്തായി വർധിച്ചുവരുന്നുണ്ട്. ഇത് തീർത്തും അപകടകരവും ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതുമല്ല.

പൊതുസമൂഹത്തിൽ  നിലനിൽക്കുന്ന സൗഹൃദം തകർക്കാനുള്ള  ചില ക്ഷുദ്ര ശക്തികളുടെ ഗൂഢോദ്ദേശ്യം ആണ് ഇവയ്ക്ക് പിന്നിൽ എന്ന് നാം തിരിച്ചറിയുകയും കൃത്യമായി  പ്രതിരോധിക്കേണ്ടതും ഉണ്ട്.  സ്ഥാപിത ശക്തികൾ കേരളത്തിന്റെ മത നിരപേക്ഷതയെ തകർക്കാൻ  മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം.  ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന്  മുഖ്യമന്ത്രി
പിണറായി വിജയൻ തന്നെ കണക്കുകൾ  സഹിതം നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.