ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മാമ്പഴ വെർച്വൽ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു

0
18

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നിന്നുള്ള മികച്ച ഉൽപ്പന്നങ്ങളിലൊന്നായ മാമ്പഴങ്ങൾക്കായി വെർച്വൽ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു. മഹ്രത്ത ചേംബർ ഓഫ് കൊമേഴ്സ്, ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചർ (എംസിസിഐഎ), പൂനെ,  അഗ്രികൾച്ചർ എക്സ്പോർട്ട് ഫെസിലിറ്റേഷൻ സെന്റർ (എഇഎഫ്സി) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ മാമ്പഴ കയറ്റുമതിക്കാരെയും  കുവൈത്തിലെ ഇറക്കുമതിക്കാരെയും ഒരുമിച്ച് വെർച്വൽ ബയർ സെല്ലർ മീറ്റിനായി  കൊണ്ടുവരിക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രചാരണത്തിനായി  കഴിഞ്ഞ വർഷം നടത്തിയ ബിഎസ്എം പ്രവർത്തനങ്ങളെക്കുറിച്ച്   അംബാസിഡർ സിബി ജോർജ് പറഞ്ഞു . കോവിഡ് 19 മഹാമാരി തീർത്ത ബുദ്ധിമുട്ടുകൾകൊപ്പം  വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഉൾപ്പെടെ പലതലത്തിലും വെല്ലുവിളികൾ  അഭിമുഖീകരിച്ചതായി അദ്ദേഹം പറഞ്ഞു.

എന്നാൽ  സ്ഥിതിഗതികൾ വളരെ മെച്ചപ്പെട്ട സാഹചര്യത്തിലാണ്  ഇത്തവണ വീണ്ടും  പരിപാടി സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.  വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന  3Ts കാമ്പെയ്‌നിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 

അഗ്രികൾച്ചറൽ പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (APEDA) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇന്ത്യയുടെ മൊത്തം മാങ്ങ കയറ്റുമതി 36 ദശലക്ഷം യുഎസ് ഡോളർ കവിഞ്ഞു, അതിൽ 4% ഇന്ത്യൻ മാമ്പഴം കുവൈറ്റിലേക്കാണ് കയറ്റുമതി ചെയ്തത്.

ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിൻ്റെ  60-ാം വാർഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്ന ഈ  വേളയിൽ ഇവിടെയുള്ള എല്ലാ കുവൈറ്റ് കുടുംബങ്ങളും കുവൈറ്റിലെ ഓരോ ഇന്ത്യക്കാരനും  ഇന്ത്യൻ പഴങ്ങൾ ആസ്വദിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അംബാസഡർ പറഞ്ഞു