മലപ്പുറം: ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ 4 പേർ അറസ്റ്റിൽ. കേസിൽ നാലു പേരെയും റിമാന്‍ഡ് ചെയ്തു. പ്രവാസി വ്യവസായി ഷൈബിന് അഷ്റഫ്. ഷൈബിന്റെ മാനേജരായ വയനാട് ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരാണ് മറ്റു പ്രതികൾ. മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫാണ് കൊല്ലപ്പെട്ടത്.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മൂലക്കുരു ചികിത്സ ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ഒറ്റമൂലി രഹസ്യം ഉപയോഗിച്ചു മരുന്നു നിർമാണ കന്പനി തുടങ്ങുകയായിരുന്നു ലക്ഷ്യം. മൈസൂർ സ്വദേശിയാണ് വൈദ്യൻ. ഇയാളെ തട്ടിക്കൊണ്ടുവന്നു പ്രവാസി വ്യവസായിയുടെ വീടിന്റെ മുകളിലത്തെ നിലയിൽ തടവിലാക്കി. ചികിത്സാ രഹസ്യം കിട്ടാനായി ഒന്നര വർഷത്തോളം ഷാബാ ഷെരീഫിനെ തടവിൽവച്ചു ക്രൂരമായി മർദിച്ചു.
എന്നാൽ, ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താൻ വൈദ്യൻ തയാറായില്ല. ഇങ്ങനെ നടത്തിയ ഒരു മർദനത്തിനിടയ്ക്ക് വൈദ്യൻ കൊല്ലപ്പെട്ടു. ഇതോടെ ഇയാളെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.