വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് കേരള പോലീസ് നൽകിവന്നിരുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിർത്തലാക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും ഐഎംസിസി ജിസിസി കമ്മിറ്റി രക്ഷാധികാരിയുമായ സത്താർ കുന്നിൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകി.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ റെഗുലേഷൻസ് അനുസരിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന പൗരന്മാർക്ക് ബന്ധപ്പെട്ട പോലീസ് അധികാരികൾ പിസിസി നൽകണം, അത് സംസ്ഥാന ആഭ്യന്തര വകുപ്പും വിദേശ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയിരിക്കണം. എന്നാലിപ്പോൾ പിസിസി നൽകുന്നത് സംബന്ധിച്ച് പെട്ടെന്ന് വരുത്തിയ മാറ്റം കുവൈറ്റിലേക്ക് വരുന്ന പ്രവാസികളെ കാര്യമായി ബാധിക്കുമെന്ന് സത്താർ കുന്നിൽ നിവേദനത്തിൽ ചൂണ്ടിക്കാട്ടി . പിസിസി നേടുന്നതിനുള്ള പ്രക്രിയയിൽ ഇത് വലിയ സങ്കീർണതകൾ സൃഷ്ടിക്കും. ഈയൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് സൗകര്യപ്രദം ആവുന്ന തരത്തിൽ സംസ്ഥാന പോലീസ് വകുപ്പിൽ നിന്ന് തന്നെ പിസിസി ഇഷ്യൂ ചെയ്യുന്നത് നിലനിർത്താൻ ഹൈക്കോടതിക്കും സംസ്ഥാന പോലീസ് വകുപ്പിനും നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ഊടെ അദ്ദേഹം ആവശ്യപ്പെട്ടു.