കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ ഏജന്റ് തടവിലാക്കിയ ആന്ധ്രപ്രദേശ് സ്വദേശിനിയെ നാട്ടിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. ആന്ദ്ര- തിരുപ്പതി സ്വദേശിനി ശ്രാവണിയെയാണ് അധികൃതർ രക്ഷപ്പെടുത്തിയത്.
വിസ ഏജൻറ് തന്നെ ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിട്ടതായി യുവതി വീഡിയോ സന്ദേശത്തിൽ പറയുന്നത് വാർത്തയായിരുന്നു. വാർത്താ ശ്രദ്ധയിൽപ്പെട്ട അന്ന് ( ബുധനാഴ്ച) തന്നെ ഇന്ത്യൻ എംബസി ഇവരെ കണ്ടെത്തുകയും ആ രാത്രി തന്നെ സ്വദേശത്തേക്ക് തിരിച്ചയക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി യുവതി സുരക്ഷിതമായി ഇന്ത്യയിലെ കുടുംബാംഗങ്ങൾക്കടുത്തെത്തിയതായും അധികൃതർ സ്ഥിരീകരിച്ചു.
ആന്ദ്ര പ്രദേശ് തിരുപ്പതി യേരവാരിപ്പാലം പെദ്ദവട്ടിപ്പള്ളി സ്വദേശിനിയാണു തൻ്റെ ദുരവസ്ഥ വിവരിച്ച് രക്ഷപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഭർത്താവിനു വീഡിയോ സന്ദേശമയച്ചത്. ഇത് പ്രാദേശിക മാധ്യമങ്ങളിത് വാർത്തയും ആക്കി.
കുവൈത്ത് സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്ന യുവതി,വീട്ടുടമ മനുഷ്യത്വ രഹിതമായി പെരുമാറുന്നുവെന്ന് പരാതിപ്പെടുകയും ജോലി മാറ്റം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണു വിസ ഏജൻ്റ് രാജുവും സുഹൃത്തായ ബാവ്‌ജിയും ചേർന്ന് ഇവരെ ബന്ദിയാക്കി വെച്ചത്. വിസ ഏജൻറ് യുവതിയുടെ നാട്ടുകാരനാണ്
വീഡിയോയിൽ പറയുന്നത് അനുസരിച്ച് പ്രതികൾ നാല് ദിവസം മുമ്പ് യുവതിയെ ഒരു മുറിയിൽ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയായിരുന്നു. നാലു ദിവസമായി തനിക്ക് ഭക്ഷണം പോലും നിഷേധിച്ചിരിക്കുകയാണെന്നും യുവതി ഭർത്താവിന് അയച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഏജന്റുമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിഫലമായതോടെയാണു യുവതിയുടെ ബന്ധുക്കൾ സംസ്ഥാന സർക്കാറിന്റെ സഹായം തേടിയത്.
അതേസമയം, ഇന്ത്യൻ എംബസിയുടെ ഔട്ട്റിച്ച് പ്രോഗ്രാമിന്റെ ഭാഗമായി സ്ഥാനപതി സിബി ജോർജ് 12 വാട്സ് ആപ്പ് ഹെൽപ്ലൈൻ നമ്പറുകൾ പുറത്ത് വിട്ടിട്ടുണ്ട്. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും, ഇന്ത്യക്കാർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. വാട്സ് ആപ്പ് വഴി ശബ്ദ സന്ദേശമായി വരെ വിവരങ്ങൾ അറിയിക്കാമെന്നും എംബസി അറിയിച്ചു. ഏത് സാഹചര്യത്തിലും എംബസി ഉടൻ ഇടപെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.