കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയത്തിലെ 55 – 60 വയസ്സ് പിന്നിട്ട എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും വരുന്ന ഞായറാഴ്ചക്കകം സ്വയം വിരമിക്കണം

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയത്തിലെ 55 – 60 വയസ്സ് പിന്നിട്ട എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും വരുന്ന ഞായറാഴ്ചക്കകം സ്വയം വിരമിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രി ഷൈഖ്‌ അഹമദ്‌ നവാഫ്‌ അൽ സബാഹ്‌ ഉത്തരവിറക്കി. മന്ത്രാലയത്തിലെ തസ്തികകളിൽ പുതു തലമുറയെ നിയമിക്കുകയെന്ന തീരുമാനത്തിൻ്റെ  അടിസ്ഥാനത്തിലാണിത്

മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ, ജനറൽ മാനേജർമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ എന്നിവരുൾപ്പെടെ ഈ പ്രായ പരിധിയിലുള്ള എല്ലാ മുതിർന്ന ഉദ്യോഗസ്ഥരോടും ഞായറാഴ്ചക്കകം സ്വയം വിരമിക്കാനാണു ഉത്തരവിൽ പറയുന്നത്.

എന്നാൽ തുറമുഖ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവാദി, ഗതാഗത വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറി ജമാൽ സായെഘ്‌ എന്നിവർക്ക് തീരുമാനം ബാധകമാക്കിയിട്ടില്ല. മുൻ മന്ത്രിമാരുടെ കാലത്ത് ചില മുതിർന്ന ഉദ്യോഗസ്ഥർക്ക്‌ വിരമിക്കൽ പ്രായം 65 വരെ നീട്ടി നൽകിയിരുന്നു. ഇവർക്കും പുതിയ നിയമം ബാധകമായിരിക്കും.