അബ്ദുൾ ഫത്തഹ് തയ്യിൽ എഴുതുന്നു
വൈക്കം മുഹമ്മദ് ബഷീർ എത്ര എഴുതിയാലും മതി വരാത്ത മലയാളത്തിലെ പ്രിയ എഴുത്തുകാരൻ. കാലണ ചോദിച്ചപ്പോൾ ഒരണ ചോദിക്കാമായിരുന്നു എന്ന് ഉമ്മയെ കൊണ്ട് ചിന്തിപ്പിക്കുന്ന അതെ മനുഷ്യൻ മകൻ ജയിലിൽ നിന്നും വരുന്നതും കാത്ത് ഓരോ ദിവസവും ഊൺ തയ്യാറാക്കി വെക്കുന്ന ഉമ്മയെ കുറിച്ചും എഴുതുന്ന ലാളിത്യഭാഷ ആർക്കും മനസ്സിലാകും.
മനസ്സിലാകുന്ന സാധാരണക്കാരൻ്റെ ഭാഷയാണ് ബഷീറിൻ്റെ എഴുത്തുകൾ. പ്രണയം ഉറുമ്പുകളുടെ കടിയാണെന്നും, പ്രണയത്തിൽ വേദന ഉണ്ട് എന്നും, സ്നേഹം, പ്രണയം എന്നത് രണ്ടാളും ചായ കുടിക്കുന്നതിലല്ല, ഒരാള് കാപ്പി കുടിക്കുമ്പോൾ മറ്റേയാൾ ചായ കുടിച്ചാൽ ഉണ്ടാകുന്നത് കൂടിയാണ് എന്നും ഒരേ ഇഷ്ടങ്ങൾ അല്ല, അപര ഇഷ്ടങ്ങളെയും, താൽപര്യങ്ങളെയും കൂടി ഇഷ്ടപ്പെടുക എന്നത് കൂടിയാണ് എന്നും പറയുന്നു ബഷീർ. അപ്പോഴാണ് ചുള്ളിക്കമ്പ് പ്രണയമാകുന്നതും, റോസാപ്പൂവ് ഹൃദയമാവുകയും ചെയ്യുന്നത്. അങ്ങിനെ വരുമ്പോഴാണ് ജയിലിലെ ഇടുങ്ങിയ സ്വാതന്ത്ര്യത്തിന് മധുരമുണ്ടെന്നും പുറത്തെ സ്വാതന്ത്ര്യത്തിൽ ജയിൽ ഉണ്ടെന്നും, “ആർക്ക് വേണം സ്വാതന്ത്ര്യം” എന്ന ഗർജ്ജനം ഉണ്ടാകുന്നതും.
പ്രണയം കൊട്ടാരത്തിൽ മാത്രമല്ല, ഏത് കുടിലിലും പിറക്കാമെന്നും, അത് പുട്ടിൽ പുഴുങ്ങിയ മുട്ട നൽകിയും ആകാമെന്ന് ബഷീർ പറയുന്നു. ജന്മദിനത്തിൽ കിടിലൻ കേക്കുകൾ കൊണ്ട്, വിശിഷ്ട വിഭവങ്ങൾ കൊണ്ട് സമൃദ്ധമായി ആഘോഷിക്കുമ്പോൾ സാധാരണക്കാരൻ ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ, ജന്മദിനം പോലും അറിയാതെ നടക്കുന്ന ഇന്നിൻ്റെ ചിത്രം കൂടിയാണ്. അങ്ങിനെ സാധാരണക്കാരൻ്റെ ഭാഷയിൽ എഴുതി, അവൻ്റെ ശീലങ്ങളും ജീവിതവും കുറിച്ച് വെച്ചപ്പോൾ നിരവധി മഹൽ കൃതികൾ മലയാളത്തിൽ ഉണ്ടായി. ബഷീർ സാഹിത്യങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു എങ്കിൽ അതിലെ പ്രമേയങ്ങൾ കാലാതിവർത്തിയാണെന്ന് പറയാം. വീണ്ടും ഒരു ഓർമ്മദിനം കൂടി.