കുവൈത്ത് സിറ്റി : വ്യാജ ഇലക്ട്രോണിക് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം. തപാൽ പാർസ്സൽ ഫീസ്, ടെല ഫോൺ ബിൽ കുടിശിക മുതലായവ അടക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസ്, ഇ മെയിൽ എന്നിവ വഴി ഇലക്ട്രോണിക് ലിങ്കുകൾ നൽകിയുള്ള തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. ബില്ലുകൾ അടക്കണം എന്നാവശ്യപ്പെട്ട് ഇത്തം ഇലക്ട്രോണിക് ലിങ്ക് ഉപഭോക്താക്കൾക്ക് അയക്കാറില്ലെന്ന് ടെലകമ്മ്യൂണിക്കേഷൻ മന്ത്രാലയ ഔദ്യോഗിക വക്താവ് മിഷാൽ അൽ-സെയ്ദ് പറഞ്ഞു. ഏവരും ഇതിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയുള്ള നമ്പറുകളും ഇമെയിൽ വിലാസങ്ങളമാണു ഇത്തരം വ്യാജന്മാർ ഉപയോഗിക്കുന്നത്. ഇതിന് മന്ത്രാലയവുമായി യാതൊരു ബന്ധവുമില്ലെന്നും അൽ സായിദ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കാനാണെന്ന വ്യാജേനെ നിരവധി പേർക്കും ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.