ചലച്ചിത്ര സംവിധായകനും നടനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 70 വയസ്സായിരുന്നു.മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേഹൻ ലാൽ സംവിധാനം ചെയ്യുന്ന ബറോസ് ആണ് അവസാനമായി അഭിനയിച്ച ചിത്രം.
1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി ജനിച്ചു. മദ്രാസ് പ്ലേയേർസ് എന്ന തിയറ്റർ ഗ്രൂപ്പിൽ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978-ലായിരുന്നു ആരവം ഇറങ്ങിയത്. 1979-ൽ ഭരതന്റെ തകര, 1980-ൽ ഭരതന്റെ തന്നെ ചാമരം എന്നീ സിനിമകളിൽ പ്രതാപ് പോത്തൻ നായകനായി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വർഷങ്ങളിൽ മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം ലഭിച്ചു. .
പ്രതാപ് പോത്തൻ ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985- ൽ മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 1987- ൽ ഋതുഭേദം എന്ന സിനിമ മലയാളത്തിൽ സംവിധാനം ചെയ്തു. 1988- ൽ പ്രതാപ് പോത്തൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത സിനിമയായ ഡെയ്സി മലയാളത്തിലെ ഒരു സൂപ്പർഹിറ്റ് ചലച്ചിത്രമായിരുന്നു. തുടർന്ന് ഏഴ് തമിഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.