കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയെ അമീരി ഉത്തരവിറങ്ങി. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹാണ് അടുത്ത പ്രധാനമന്ത്രിയാവുക. ഉത്തരവിൽ പ്രധാനമന്ത്രിയോട് മന്ത്രി സഭാ രൂപീകരണത്തിനായി മന്ത്രിമാരെ തെരഞ്ഞെടുക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2022 മാർച്ച് 9 നായിരുന്നു നിലവിലെ മന്ത്രി സഭയിൽ ഒന്നാം ഉപ പ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയുമായി ഷൈഖ് അഹമ്മദ് അൽ നവാഫ് ചുമതല ഏറ്റെടുത്തത്. ഈ ചെറിയ കാലയളവിന് ഉള്ളിൽ തന്നെ ആഭ്യന്തര മന്ത്രി എന്നനിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.
നിലവിലെ കുവൈത്ത് അമീർ ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹിന്റെയും ശരീഫ ജാസിം അൽ ഘാനമിന്റെയും മൂത്ത മകനാണ്.
കുവൈത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേർസ്സ് ബിരുദം നേടിയ അദ്ദേഹം 1985-ൽ പ്രതിരോധ മന്ത്രാലയത്തിൽ ഫസ്റ്റ് ലെഫ്റ്റനന്റ് ആയാണു ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിൽ ദേശീയത, പാസ്‌പോർട്ട് കാര്യങ്ങളുടെടെയും വിദ്യാഭ്യാസ, പരിശീലന കാര്യങ്ങളുടെയും അസിസ്റ്റന്റ് അണ്ടർസെക്രട്ടറി പദവികളും വഹിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ച ശേഷം, ഹവല്ലി ഗവർണറായും നിയമിക്കപ്പെട്ടു.
2020 സെപ്തംബറിൽ ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹ് കുവൈത്ത് അമീറായി ചുമതലയേറ്റെടുത്ത ശേഷം നവംബർ മാസം ഷെയ്ഖ് അഹമ്മദ് നവാഫിനെ കേബിനറ്റ് റാങ്കോട് കൂടി നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയി ചുമതലപ്പെടുത്തിയിരുന്നു