Dr. K T ജലീൽ എംഎൽഎ എഴുതിയ കുറിപ്പ്:
നിയമസഭയുടെ പ്രവാസി ക്ഷേമകാര്യ സമിതിയുടെ ഇതര സംസ്ഥാന നിയമസഭാ സന്ദർശനങ്ങളുടെ ഭാഗമായാണ് കമ്മിറ്റി ചെയർമാൻ മുൻ മന്ത്രി എ.സി മൊയ്തീൻ്റെ നേതൃത്വത്തിൽ ഞങ്ങൾ അഞ്ച് എം.എൽ.എമാർ ജയ്പൂരിൽ എത്തിയത്. രാജസ്ഥാൻ നിയമസഭാ സെക്രട്ടറി മഹാവീർ പ്രസാദ് ശർമ്മ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. അസംബ്ലിയിലെ സ്വീകരണ ഹാളിൽ നടന്ന കൂടിക്കാഴ്ച ഫലപ്രദമായി.
വിദേശങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസി രാജസ്ഥാനികളുടെ ക്ഷേമത്തിനായുള്ള നിയമസഭാ കമ്മിറ്റി നിലവിലില്ല. കേരള മാതൃകയിൽ സമാന സബ് കമ്മിറ്റി രൂപീകരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു. നോർക്കയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ കൈമാറി.
അതിഥി തൊഴിലാളികളെ കോവിഡ് കാലത്ത് സൗജന്യ റേഷനും സാമൂഹ്യ അടുക്കളകൾ മുഖേനയുള്ള ഭക്ഷണവും ഭക്ഷ്യക്കിറ്റുകളും ചികിൽസയും നൽകി ചേർത്തു പിടിച്ച കേരള സർക്കാരിൻ്റെ സമീപനത്തിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതിന് പര്യാപ്തമായ നിയമ നിർമ്മാണം നടത്താനുള്ള ആലോചന ലേബർ ഡിപ്പാർട്ട്മെൻ്റിൻ്റെ സജീവ പരിഗണനയിലാണെന്ന കാര്യം അറിഞ്ഞപ്പോൾ അവർ അൽഭുതം കൂറി. മലയാളി പ്രവാസികളുടെ ക്ഷേമം ലാക്കാക്കി സർക്കാർ രൂപം നൽകിയ ലോക കേരള സഭ എന്ന ആശയം മാതൃകാപരമാണെന്ന് നിയമസഭാ സെക്രട്ടറി അഭിപ്രായപ്പെട്ടു. പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ രാജസ്ഥാനികളുടെ പ്രശംസ പിടിച്ചുപറ്റി.
ചർച്ചക്ക് ശേഷം നിയമസഭാ മ്യൂസിയവും അസംബ്ലി ഹാളും നടന്ന് കണ്ടു. നൂതന സാങ്കേതിക വിദ്യയുടെ സാദ്ധ്യത മുഴുവൻ പ്രയോജനപ്പെടുത്തിയാണ് അസംബ്ലി മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. പിന്നെ നേരെ പോയത് സഭാ സമ്മേളന ഹാളിലേക്കാണ്. നിലവിലെ കേരള നിയമസഭാ ഹാളിൻ്റെ വിസ്താരവും ഗംഭീര്യവും വിധാൻസഭക്കില്ല. പഴയ കേരള നിയമസഭാ ഹാളിന് തുല്ല്യമായ അസംബ്ലി ഹാൾ.
ഏതാണ്ട് നാൽപ്പതിനായിരത്തിലധികം മലയാളികൾ ജെയ്പൂരിൽ ഉണ്ടെന്നാണ് അനൗദ്യോകിക കണക്ക്. അധികവും സ്വകാര്യ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും ജീവനക്കാരുമാണ്. ബിസിനസ്സുകാരും കുറവല്ല. മലയാളികൾക്ക് പ്രത്യേക ക്ഷേത്രങ്ങളും ചർച്ചുകളുമുണ്ടിവിടെ. വിവിധ സഭകൾക്കു കീഴിൽ സ്കൂളുകളും പ്രവർത്തിക്കുന്നു. മലയാളി അസോസിയേഷനും എസ്.എൻ.ഡി.പി, എൻ.എസ്.എസ് യൂണിറ്റുകളും സജീവമാണ്. വൈകുന്നേരം മലയാളി സംഘടനാ പ്രതിനിധികളുമായി കമ്മിറ്റി റാഡിസൺ ഹോട്ടലിൽ വെച്ച് ആശയവിനിമയം നടത്തി. നോർക്കയാണ് ഇതിന് വേദിയൊരുക്കിയത്. പുതിയ ചില പ്രശ്നങ്ങൾ സംഘടനാ പ്രതിനിധികൾ മുന്നോട്ട് വെച്ചു. പ്രസ്തുത വിഷയങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ചെയർമാൻ യോഗത്തിൽ ഉറപ്പ് നൽകി. എം.എൽ.എമാരായ ടൈസൺ മാസ്റ്റർ, ഉണ്ണികൃഷ്ണൻ, പ്രമോദ് നാരായൺ എന്നിവരും സംബന്ധിച്ചു.
രാജസ്ഥാനികൾ മാന്യമായാണ് മലയാളികളോട് പെരുമാറുന്നതെന്ന് ഫ്ലൈറ്റിൽ വെച്ച് കണ്ട രണ്ടു റാന്നി സ്വദേശികൾ സാക്ഷ്യപ്പെടുത്തി. വിവിധ ഇനം മാർബിളുകുളും ടൈലുകളും തുണിത്തരങ്ങളും കാർപ്പറ്റുകളുമാണ് രാജസ്ഥാനിൽ നിന്ന് കേരളത്തിലെത്തുന്നത്. വ്യാവസായിക മേഖലയിൽ രാജസ്ഥാൻ്റെ സ്ഥാനം പിന്നിലല്ല. പൊതുവെ സമാധാന പ്രിയരാണ് അശോക് ഗെഹ്ലോട്ടിൻ്റെ നാട്ടുകാർ. ഉദയ്പൂരിൽ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി ബോധപൂർവ്വം സൃഷ്ടിച്ച അരുകൊല നാടകത്തിൻ്റെ പിന്നാമ്പുറങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞ പ്രതീതിയുണ്ട്.
വിസ്തീർണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ. ജനസംഖ്യയിൽ ഏഴാം സ്ഥാനത്തും. രാജപുത്ര പ്രൗഡിയുടെ ഈറ്റില്ലമാണ് ജയ്പൂർ. പിടിച്ചടക്കലിൻ്റെയും യുദ്ധങ്ങളുടെയും ഒരുപാട് കഥകൾ പറയാനുണ്ട് ജയ്പൂർ നഗരത്തിന്. ഋതുഭേദങ്ങൾക്കും പേരുകേട്ട നാടാണ് ജയ്പൂർ. രാജനഗരത്തിൻെറ ആസ്ഥാനവും കൂടിയാണ് രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം. ഇന്ത്യയിലെ വലിയ നഗരങ്ങളിൽ ഒന്ന്.
1727 ൽ രാജ്പുത് മഹാരാജാവായ ജയ് സിംങ്ങിൻെറ കാലത്ത് വിദ്യാധാർ ഭട്ടാചാര്യയെന്ന ശിൽപിയാണ് ജയ്പൂർ നഗരം രൂപകൽപന ചെയ്തത്. മഹാരാജ ജയ്സിംഗ് നിർമിച്ച നഗരം ജയ്‌പൂരായി മാറി. ജയ്‌പൂർ ‘പിങ്ക് സിറ്റി ഓഫ് ഇന്ത്യ’ എന്നും അറിയപ്പെടുന്നു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ പട്ടണമെന്ന ഖ്യാതിയും ജയ്സിംഗിൻ്റെ നാടിനുണ്ട്.
1876 ൽ വെയിൽസ് രാജകുമാരനായ ആൽബർട്ട് എഡ്വേഡ് ജയ്‌പൂർ സന്ദർശിച്ചപ്പോൾ മഹാരാജ റാംസിംഗ് അദ്ദേഹത്തിന് സ്വാഗതമോതിയത് എല്ലാ കെട്ടിടങ്ങൾക്കും വരവേൽപിൻ്റെ നിറമായ പിങ്ക് നിറം ചാർത്തിയാണ്. രാജാവിന്റെ പ്രിയ പത്നിക്ക് പിങ്ക് നിറത്തോടുള്ള ഇഷ്ടം നഗരം അതേപടി നിലനിർത്താൻ കാരണമായി. പഴയ പട്ടണത്തിലെ കെട്ടിടങ്ങൾക്ക് പിങ്ക് നിറം നൽകണമെന്നത് പിൽക്കാലത്ത് പ്രാദേശിക നിയമമായി.
ആൽബർട്ട് രാജകുമാരൻ്റെ ഓർമ്മക്കായി ജയ്‌പൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് നിർമ്മാണമാരംഭിച്ച ടൗൺ ഹാൾ, പണി പൂർത്തിയായതോടെ ലോക ശ്രദ്ധ നേടിയ മ്യൂസിയമായി പരിവർത്തിപ്പിക്കപ്പെട്ടു. 35 വർഷം ജയ്പൂരിൽ പൊതുമരാമത്ത് ഡയറക്ടറായി സേവനം ചെയ്ത സാമുവൽ സ്വിൻ്റൺ ജേക്കബ് എന്ന ബ്രിട്ടീഷ് മിലിറ്ററി എഞ്ചിനീയറാണ് ഹാളിൻ്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. സാരസനിക്ക് വാസ്തു വിദ്യയാണ് ഇതിനായി അദ്ദേഹം പ്രയോജനപ്പെടുത്തിയത്. രാത്രി 8.30 വരെ കണ്ണുമിഴിച്ചിരിക്കുന്ന ആൽബർട്ട് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം ടുട്ടു എന്ന 25 നൂറ്റാണ്ട് പഴക്കമുള്ള പുരോഹിത കുടുംബത്തിലെ സ്ത്രീയുടെ ഈജിപ്ഷ്യൻ മമ്മിയാണ്. ബ്രിട്ടീഷുകാരാണ് അതിവിടെ എത്തിച്ചത്.
രാജകുടുംബം ഉപയോഗിച്ച നിറച്ചാർത്തുകളുള്ള വസ്ത്രങ്ങൾ, വൈവിധ്യങ്ങളാർന്ന ആഭരണങ്ങൾ, തേരുകൾ, വിവിധ തരം ആയുധങ്ങൾ, സംഗീതോപകരണങ്ങൾ, ഫർണിച്ചറുകൾ, പെയ്ൻ്റിംഗുകൾ, നാണയങ്ങൾ, ദേവീദേവൻമാരുടെ ശിൽപങ്ങൾ, എന്നിവയെല്ലാം ചരിത്രാന്വേഷകർക്ക് കാണാൻ ചിട്ടയോടെ ആൽബർട്ട് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്. മഹാഭാരതത്തിലെയും രാമായണത്തിലെയും ഐതിഹ്യങ്ങൾ കൊത്തിയുണ്ടാക്കിയ ഷീൽഡുകൾ മ്യൂസിയത്തിലെ വിസ്മയക്കാഴ്ചയാണ്.
സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ ജയ്പൂരിൻ്റെ മാറ്റ് കൂട്ടുന്ന ദൃശ്യങ്ങങ്ങളാണ്. ജയ്സിങ് മഹാരാജാവിന്റെ സംഭാവനകളാണ് ഇവയെല്ലാം. സിറ്റി പാലസിൽ മൂന്നു പ്രധാന കവാടങ്ങളുണ്ട്. ട്രിപ്പോളിയ ഗെയ്റ്റ്, വീരേന്ദ്ര പോൾ, ഉദയ് പോൾ. ഇത് കൂടാതെ നടുമുറ്റത്തായി വിവിധ ഋതുക്കളെ ചിത്രീകരിക്കുന്ന നാലു കൊച്ചു കവാടങ്ങളും കാണാം. ശരത് കാലത്തെ പ്രതിനിധീകരിക്കുന്ന മോർ ഗേറ്റ്. വേനലിനെ പ്രതീകവൽക്കരിക്കുന്ന ലോട്ടസ് ഗേറ്റ്. വസന്തത്തെ ചിത്രീകരിക്കുന്ന ലാഹാരിയാ ഗേറ്റ്. മഞ്ഞുകാലം ഓർമ്മപ്പെടുത്തുന്ന റോസ് ഗേറ്റ്. ഓരോ കവാടത്തിലേയും ചിത്രപ്പണികളുടെ സൗന്ദര്യം അനിർവചനീയമാണ്. സിൽവർ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലുതെന്ന് വിശ്വസിക്കപ്പെടുന്ന “ഗംഗാജലി” എന്ന രണ്ട് വെള്ളിക്കൂജകൾ തിളക്കത്തിന് മങ്ങലേൽക്കാതെ കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മഹാരാജാ മാധവ് സിംഗ് രണ്ടാമൻ ലണ്ടൻ സന്ദർശിച്ചപ്പോൾ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഗംഗാ തീർത്ഥം കൊണ്ടുപോയത് ഈ ഭീമാകാരൻ വെള്ളിക്കൂജകളിലാണ്.
കൊട്ടാരത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന് ഇപ്പോഴത്തെ രാജകുടുംബത്തിനു താമസിക്കാൻ. ശേഷിക്കുന്നവ പൊതുജങ്ങൾക്കു കാണാനും. രാജ്പുത് വാസ്തുവിദ്യയും, മുഗൾ അർക്കിടെക്ചറും സമന്വയിപ്പിച്ച് കൃഷ്ണ കിരീട മാതൃകയിൽ മഹാരാജ പ്രതാപ് സിംഗ് 1799 ൽ നിർമിച്ച അഞ്ചു നിലകളുള്ള ഹവാ മഹൽ വാസ്തു ശിൽപ കലയുടെ അത്യുദാത്ത മാതൃകയാണ്.
പൊതു ഇടങ്ങളിൽ സ്ത്രീകൾക്കു പ്രവേശനാനുമതി ഇല്ലാത്ത കാലത്ത് രജപുത്ര സ്ത്രീകൾക്കു നഗരത്തിലെ ആഘോഷങ്ങൾ കാണാൻ നിർമിച്ച ഹവാ മഹലിന് 953 കിളിവാതിലുകളുണ്ട്. വർണ്ണശഭളിമയാർന്ന ചില്ലുകൾ കൊണ്ട് അലംകൃതമായ ഈ കൊട്ടാരം നൽകുന്ന നയനസുഖം അവർണ്ണനീയമാണ്. ഹവാ മഹലിന്റെ ഏറ്റവും മുകളിൽ നിന്നു നോക്കിയാൽ ജയ്‌പൂർ നഗരം മുഴുവൻ കാഴ്ച്ചക്കാരുടെ റെറ്റിനയിൽ പതിയും.
ഗ്രഹനിലകൾ അറിയാൻ 18ാം നൂറ്റാണ്ടിൽ നിർമ്മിച്ച ജ്യോതിശാസ്ത്ര ഉപകരണങ്ങളുള്ള ജന്തർ മന്തർ ജയ്പൂരിൻ്റെ നെറ്റിയിലെ തിലകച്ചാർത്താണ്. ഡൽഹി, മധുര, വാരാണസി, ഉജ്ജയ്ൻ, എന്നിവിടങ്ങളിലും ജന്തർ മന്തറുകൾ ഉണ്ടെങ്കിലും ജയ്പൂരിലേതു മാത്രമാണ് പ്രവർത്തന ക്ഷമം. വെള്ള മാർബിൾ കല്ലിൽ കൊത്തിയുണ്ടാക്കിയ ബിർള മന്ദിർ ജയ്പൂരിൻ്റെ തൊപ്പിയിലെ പൊൻതൂവലാണ്. അതിനോട് ചേർന്ന് ഓറഞ്ച് നിറം ചാർത്തിയ ഭീമൻ വിഗ്രഹമുള്ള ഗണേശ ക്ഷേത്രം ജയ്‌പൂരിൻ്റെ ആത്മീയോൽക്കർഷം വിളംബരം ചെയ്യുന്ന ആരാധനാലയമാണ്.
സന്ധ്യ മയങ്ങുമ്പോൾ തെരുവ് വിളക്കുകളും വർണ വെളിച്ചങ്ങളും കൊണ്ട് പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന ജയ്പൂർ ഓൾഡ് സിറ്റി ഉടുത്തൊരുങ്ങി ചമഞ്ഞ് നിൽക്കുന്ന പുതുനാരിയെപ്പോലെ തോന്നിക്കും.
എല്ലാ നഗരങ്ങൾക്കുമെന്ന പോലെ ജയ്പൂരിനുമുണ്ട് രണ്ട് മുഖങ്ങൾ. സമൃദ്ധിയും ദാരിദ്ര്യവും റോഡിനപ്പുറവും ഇപ്പുറവുമെന്ന പോലെ പല സ്ഥലത്തും പ്രകടമാണ്. ദന്തഗോപുരങ്ങളിൽ അധിവസിക്കുന്നവരും കടത്തിണ്ണകളിലും റോഡരികുകളിലും പുഴുക്കളെപ്പോലെ ജീവിക്കുന്നവരും നമ്മുടെ കൺവെട്ടത്തെത്തുമ്പോൾ സഞ്ചാരികളെ തലോടിയെത്തുന്ന ഇളം കാറ്റിന് സുഖത്തെക്കാൾ ദു:ഖത്തിൻ്റെ ഗന്ധമാണ് മുറ്റിനിൽക്കുക. മനുഷ്യൻ്റെ കണ്ണുനീർ വീണ് നനയാത്ത നഗരം ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ? രാത്രി എട്ടരയോടെ സർക്യൂട്ട് ഹൗസിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഉയർന്ന ചോദ്യം അതായിരുന്നു.