കുവൈത്തിലേക്കുള്ള 27000 ത്തോളം വ്യാജ വിസകൾ ഇന്ത്യയിൽ പിടികൂടി

0
22

കുവൈത്ത് സിറ്റി : കുവൈത്തിലേക്കുള്ള 27000 ത്തോളം വ്യാജ വിസകൾ ഇന്ത്യയിൽ പിടികൂടി. ആന്ധ്രാപ്രദേശിലാണ് വ്യാജ വിസകൾ പിടികൂടിയത്. 2022 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിലെ കണക്കാണിത്. 37,208 വിസകളാണു പരിശോധനക്ക്‌ അയച്ചത്‌, ഇതിൽ10,280 വിസകൾക്ക്‌ മാത്രമേ സാധുത ഉണ്ടായിരുന്നുള്ളൂ. അതായത് ബാക്കിയുള്ള 27000 വിസകൾ വ്യാജമാണെന്ന് തെളിഞ്ഞു.

അവിദഗ്ദ തൊഴിലാളികളാണു തട്ടിപ്പിനു ഇരയായവരിൽ ഭൂരിഭാഗവും എന്ന് ആന്ധ്ര പ്രദേശിലെ പോലീസ് മേധാവി മല്ലിക ഖാർഗ്ഗ്‌ വ്യക്തമാക്കി. വ്യാജ വിസയാണെന്ന് കണ്ടെത്തി കുവൈത്തിൽ നിന്ന് തിരിച്ചയക്കപ്പെട്ട ഉദ്യോഗാർത്ഥികളെ തട്ടിപ്പ്‌ സംഘം ഭീഷണിപ്പെടുത്തുന്നതായി പോലീസിനു നിരവധി പരാതികൾ ലഭിക്കുന്നുണ്ട്.കുവൈറ്റ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികളെ ലക്ഷമിട്ട്‌ പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ടിംഗ്‌ ഏജൻസികളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.

വിദേശത്ത്‌ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ മൈഗ്രന്റ് ലേബർ പ്രൊട്ടക്ഷൻ അതോറിറ്റികളിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏജന്റുമാരുടെ സേവനം മാത്രം ഉപയോഗിക്കണമെന്നും സംശയാസ്പദമായ റിക്രൂട്ട്‌മെന്റ് ഏജന്റുമാരെ സംബന്ധിച്ച്‌ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു