ലോകം കാത്തിരിക്കുന്ന ഫുട്‌ബോൾ ആഘോഷങ്ങൾക്ക് ഇനി 100 ദിവസം മാത്രം. അറബ്‌ലോകത്തെ ആദ്യ ലോകകപ്പ് ആണിത് . 2010ലാണ് ഖത്തറിനെ വേൾഡ് കപ്പ് വേദിയായി പ്രഖ്യാപിച്ചത്. 22–-ാമത്തെ ലോകകപ്പ് മത്സരങ്ങൾ
നവംബർ 20 മുതൽ ഡിസംബർ 18 വരെയാകും . നവംബർ 21ന് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്. അടുത്തതവണ ടീമുകളുടെ എണ്ണം നാൽപ്പത്തെട്ടാകും. ആകെ 64 കളികളാണ്.
അഞ്ചു നഗരങ്ങളിലെ എട്ട് സ്‌റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങിയത്. അൽഖോർ നഗരത്തിലെ അൽ ബെയ്‌ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്‌ഘാടനമത്സരം. 60,000 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്. ഫൈനൽ ഡിസംബർ 18ന് ലുസൈൽ സ്‌റ്റേഡിയത്തിലാണ്.
സാധാരണ ലോകകപ്പ് നടക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. ആ സമയത്ത് ഖത്തറിൽ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്.
ഏകദേശം 12 ലക്ഷം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. അവർക്കായി 30,000 ഹോട്ടൽമുറികൾക്കുപുറമേ 65,000 പേർക്ക് വില്ലകളും അപാർട്ട്‌മെന്റുകളും ഒരുക്കിയിട്ടുണ്ട്. തീരത്ത് നങ്കൂരമിട്ട രണ്ട് ആഡംബരക്കപ്പലുകളിൽ 4000 പേർക്ക് താമസിക്കാം.കുറഞ്ഞ നിരക്കിൽ താമസത്തിന് ലഭ്യമാകുന്ന കൂടാരങ്ങളും സവിശേഷതയാണ്.