കുവൈത്ത് സിറ്റി : കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പൗരന്മാരെ ഗാർഹിക തൊഴിലാളികളായി അയക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഫിലിപ്പീൻസ് സെനറ്റിൽ ആവശ്യം.തങ്ങളുടെ പൗരന്മാർ വിദേശത്ത് ക്രൂരമായി പീഢിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങൾ ഉയർത്തിക്കാട്ടി സെനറ്റ് അംഗം കൊക്കോ പിമന്റൽ ആണ് ഗാർഹിക തൊഴിലാളികളെ വിദേശത്തേക്ക് അയക്കുന്നത് നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.
ഈ രാജ്യങ്ങളിലേക്ക് വീട്ടുജോലിക്ക് പോയവരിൽ വലിയൊരു പങ്കും ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യക്തമാക്കി കൊണ്ടുള്ള റിപ്പോർട്ട് സെനറ്റിലെ മൈഗ്രന്റ് എംപ്ലോയ്‌മന്റ് സമിതി അധ്യക്ഷൻ റവി ടോൾവോ അവതരിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികളായി പോകുന്നവരുടെ ദുരവസ്ഥ വിവരിക്കുന്ന റിപ്പോർട്ടിനൊപ്പം ഇവർ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനം, വേതനം ലഭിക്കാതെ അനുഭവിക്കുന്ന ദുരിതങ്ങൾ മുതലായവ വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും സെനറ്റിൽ പ്രദർശ്ശിപ്പിച്ചു.
ഇതോടെ സെനറ്റ് പ്രക്ഷുബ്ധമായി, മേൽപ്പറഞ്ഞ സ്പോൺസർഷിപ്പ് സമ്പ്രദായം നില നിൽക്കുന്ന രാജ്യങ്ങളിൽ തങ്ങളുടെ പൗരന്മാരെ അയക്കുന്നത് കൊലക്ക് കൊടുക്കുന്നതിനു സമാനമാണെന്നും ഇവിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും സെനറ്റിൽ ശക്തമായ ആവശ്യമുയർന്നു.
സെനറ്റിലെ നിരവധി അംഗങ്ങൾ പിമെന്റലിന്റെ നിർദ്ദേശത്തെ പിന്തുണക്കുകയും ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏജൻസികൾക്ക് എതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നു സെനറ്റർ ടോൾവോ ശുപാർശ ചെയ്യുകയും ചെയ്തു.
ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിന് ആ രാജ്യങ്ങളിലെ സർക്കാരുകളുമായി ഏകോപനവും സഹകരണവും കൂടുതൽ ശക്തമാക്കണം. ഇതിനായി അതാത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫിലിപ്പീൻസ് നയതന്ത്ര കാര്യാലയങ്ങളുടെ മേൽ നോട്ടത്തിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.