ആൺ പെൺ വ്യത്യാസങ്ങളുടെ മതിൽ തകർത്ത് കാലമേറെ മുന്നോട്ടുപോയി. എങ്കിലും പൊട്ടക്കിണറ്റിലെ തവളയുടെ അതേ അവസ്ഥയിൽ തനിക്ക് ചുറ്റും ഉള്ളത് മാത്രമാണു ലോകം എന്ന വാൽത്താരിയിലാണ് ലീഗിന് എന്നും പ്രിയം.
മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചൊരു ബെഞ്ചിൽ ഇരുന്നാൽ ഇടിഞ്ഞു വീഴുന്നതാണ് ലീഗിന് മുകളിലെ ആകാശം. ജെൻഡർ ന്യൂട്രൽ യൂണിഫോമും ആയി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലീഗ് ‘സമുന്നത’ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾ കണ്ടാൽ ഇതിലും ഭേദം ആകാശം ഇടിയുന്നത് തന്നെയാണെന്ന് തോന്നിപ്പോകും. കുട്ടികൾ ഒരുമിച്ചിരുന്നാൽ ഫ്രീ സെക്സിലേക്ക് വഴിതെളിക്കും സ്വാഭാവദൂഷ്യമുണ്ടാകും തുടങ്ങിയ വിചിത്ര വാദങ്ങൾ ചില പ്രത്യേക മാനസികാവസ്ഥയിലുള്ളവർക്കും മാത്രം തോന്നുന്നതാണ്. സമത്വം സാഹോദര്യം എന്നിവ വാക്കുകൾ തൊട്ടു തീണ്ടിയിട്ടില്ലാത്തവർക്കേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ. ചെറിയ പ്രായത്തിൽ തന്നെ തുല്യതാ മനോഭാവം നമ്മുടെ കുട്ടികളിൽ വേണം എങ്കിലേ ഭാവിയിൽ സമൂഹത്തിൽ പോലും തുല്യ നീതി നടപ്പാവുകയുള്ളൂ. ലിംഗ വ്യത്യാസങ്ങൾക്കപ്പുറം വ്യക്തി അധിഷ്ഠിതമായി ചിന്തിക്കാൻ , കാര്യങ്ങളെ വിലയിരുത്താൻ കുട്ടികൾക്ക് കഴിയണമെങ്കിൽ അതിനുള്ള സാഹചര്യം നമ്മൾ ഇപ്പോഴേ ഒരുക്കണം.
പെൺകുട്ടികൾ മാറ്റിനിർത്തപ്പെടേണ്ടവരല്ല സ്നേഹാദരങ്ങളോടെ ചേർത്ത് നിർത്തപ്പെടേണ്ടവരാണെന്ന് നമ്മുടെ ആൺകുട്ടികൾ എപ്പോഴും ഓർക്കണം. ഒരുമിച്ചിരിക്കുമ്പോൾ തീർച്ചയായും അവർക്കിടയിൽ ഉണ്ടാവുക മാനസികമായ ഒരുമയുടെ ഐക്യപ്പെടൽ ആയിരിക്കും. ഇത് തിരിച്ചറിയാത്തവരാണ് സ്വന്തം മനസ്സിലെ വിഷത്തെ കുട്ടികളുടെ പേരിൽ പുറത്ത് വമിപ്പിക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരിക്കലും അടിച്ചേൽപ്പിക്കില്ല എന്ന് സർക്കാർ പലതവണ വ്യക്തമാക്കിയിട്ടും ഇതിൻറെ പേരിൽ വീണ്ടും വീണ്ടും വിമർശമുന്നയിക്കുന്നവരുടെ ലക്ഷ്യം തീർത്തും രാഷ്ട്രീയം മാത്രമാണ്.