കുവൈത്തിൽ പ്രവാസികൾക്കുള്ള ചികിത്സ സൗകര്യങ്ങൾ ധമാൻ ആശുപത്രികളിൽ മാത്രമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തി ആരോഗ്യമന്ത്രാലയം

0
13

കുവൈത്ത് സിറ്റി:  സർക്കാർ ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും പകരം എല്ലാ പ്രവാസി രോഗികളെയും ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനിയിലേക്ക് (ധമാൻ) എത്തിക്കുന്നതിനുള്ള നടപടികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം ത്വരിതപ്പെടുത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ ക്ലിനിക്കുകളും ആശുപത്രികളും ക്രമേണ സ്വദേശികൾക്ക് മാത്രമായി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

അടുത്ത വർഷം മുതൽ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളെയും ധമാൻ സെന്ററിൽ സ്വീകരിക്കാൻ ആരംഭിക്കുന്നതിനുള്ള പ്രാഥമിക കരാർ തയ്യാറാക്കിയതായി മാധ്യമ വാർത്തകളിൽ ഉണ്ട്, ഇത് നടപ്പാക്കുന്നതോടെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ മാത്രമേ സർക്കാർ ആശുപത്രികളിൽ ചികിത്സാക്കായി ഇനിയുള്ള ഘട്ടത്തിൽ സ്വീകരിക്കൂ. പിന്നീട് ഇവർക്കുള്ള ചികിത്സാ സൗകര്യങ്ങളും ധമാൻ ആശുപത്രികളിൽ മാത്രമാകും.

നിലവിൽ ജാബർ ഹോസ്പിറ്റൽ ചികിത്സാ സൗകര്യങ്ങൾ കുവൈറ്റികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് പുതിയ ജഹ്‌റ, ഫർവാനിയ ആശുപത്രിക്കും ബാധകമാകും. പിന്നീടുള്ള ഘട്ടത്തിൽ, ഇത് അമിരി ആശുപത്രിയിലേക്കും പിന്നീട് സബാ ആശുപത്രിയിലേക്കും വ്യാപിപ്പിക്കും എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അതായത് , ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരോ അപകടങ്ങളിൽ പെടുന്നവരോ ആയ പ്രവാസികളെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കും എന്നും റിപ്പോർട്ടിലുണ്ട് .