കുവൈത്ത് സിറ്റി : ഇറാഖിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. അതോടൊപ്പം, കുവൈത്ത് – ഇറാഖ് അതിർത്തി കവാടത്തിൽ മുൻ കരുതൽ നടപടികൾ ശക്തമാക്കി. ഇറാഖിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണിത്. ആഭ്യന്തര മന്ത്രി ഷൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ്, ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്നന്റ് ജനറൽ അൻവർ അൽ ബർജാസ് എന്നിവരാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത് .
ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് വരുന്ന കുവൈത്ത് പൗരന്മാർക്കും കുവൈത്തിൽ താമസരേഖയുള്ള ഇറാഖികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രമാണു അതിർത്തി കവാടത്തിലൂടെ കുവൈത്തിലേക്ക് ഇനി പ്രവേശനം അനുവദിക്കുക .
അതിനിടെ നിലവിൽ ഇറാഖിൽ കഴിയുന്ന എല്ലാ കുവൈത്തി പൗരന്മാരും കുവൈത്തിലേക്ക് തിരിച്ചെത്തണമെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.നിലവിലെ സാഹചര്യത്തിൽ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അഭ്യർത്ഥനയിലുണ്ട്.