കുവൈത്ത് സിറ്റി: ബിരുദ യോഗ്യതയില്ലാത്ത 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, പ്രായഭേദമന്യേ ബിരുദം ഇല്ലാത്ത എല്ലാ പ്രവാസികൾക്കും ബാധകമാക്കണമെന്ന നിർദേശം രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള പാനൽ നിരസിച്ചു. പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് പ്രവാസികളെ ആവശ്യമുള്ള നിരവധി ജോലികൾ ഇപ്പോഴുണ്ട്, അതിനാൽ കൂട്ട പലായനം ഉണ്ടാകാതിരിക്കാൻ ആണ് ഈ തീരുമാനം കൈക്കൊണ്ടത് എന്ന് പാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി പത്രവാർത്തയിൽ ഉണ്ട്
ബിരുദം ഇല്ലാത്ത 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് 250 ദിനാർ ഫീസിനും സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനും ഉണ്ടെങ്കിൽ മാത്രമേ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാൻ കഴിയൂ. അതായത് ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വർഷാവർഷമുള്ള മൊത്തം ചെലവ് ഏകദേശം 850 ദിനാർ വരും.