ഓണാഘോഷം ഗംഭീരമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ഇന്ത്യൻ ബിസി നെസ്  കൗൺസിലിന്റെ സഹകരണത്തോടു കൂടിയാണ് എംബസ്സിയിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ,  മാഡം ജോയ്‌സ് സിബി , ഐ  ബി പി സി ചെയർമാൻ ചോജി ലംബ , രാജി ലാംബ, എന്നിവർ നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ച്. അംബാസഡർ  സിബി ജോർജ് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഓണാശംസകൾ നേർന്നു. കുവൈറ്റിൽ ഇന്ത്യൻ സമൂഹം മാത്രമല്ല, നിരവധി സ്വദേശികളും ഏറ്റവും കൂടുതൽ ആഘോഷിക്കുന്നതും കാത്തിരിക്കുന്നതുമായ  ഉത്സവങ്ങളിലൊന്നായി ഓണം മാറിയതായി അംബാസഡർ പറഞ്ഞു. പ്രാദേശികവും ഭാഷാപരവും മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ പോലും മറികടന്ന് ഇന്ത്യയുടെ ദേശീയ ഉത്സവങ്ങളിലൊന്നായി ഓണം മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓണം ആഘോഷിക്കുന്നതിലൂടെ നമ്മൾ  ‘വസുദൈവ കുടുംബക’മെന്ന ആപ്തവാക്യത്തിന്റെ ചൈതന്യവുമാണ് ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

 

 

 

നിലവിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണെന്നും അടുത്ത ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ ‘അമൃത് കാല്’ ലക്ഷ്യമാക്കി ഇന്ത്യ നീങ്ങുമെന്നും അംബാസഡർ പറഞ്ഞു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്നതാണ് ലക്ഷ്യം. 

വ്യാപാര, വിനോദസഞ്ചാര സാധ്യതകളും സാങ്കേതിക വൈദഗ്ധ്യവും ഉയർത്തിക്കാട്ടുന്ന വിശദമായ വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. ഇതോടനുബന്ധിച്ച് സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു

പരിപാടി സജീവ പങ്കാളിത്തം വഹിച്ചതിന് ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ എക്‌സ്‌പാറ്റ്‌സ് (ഫോക്ക്), അഞ്ജലി സ്‌കൂൾ ഓഫ് ഡാൻസ്, സൃഷ്‌ടി സ്‌കൂൾ ഓഫ് ക്ലാസിക് ഡാൻസ്, ഇന്ത്യൻ കമ്മ്യൂണിറ്റി ഭാരവാഹികൾക്കും അംബാസഡർ നന്ദി പറഞ്ഞു. ചടങ്ങിൽ ക്വിസ് മത്സര വിജയികളെ അംബാസഡർ അനുമോദിച്ചു.