കുവൈത്ത് സിറ്റി : രാത്രി 12 മണിക്ക് ശേഷം പാർപ്പിട മേഖലകളിൽ കടകൾ പ്രവർത്തിക്കരുതെന്ന തീരുമാനം കർശ്ശനമായി നടപ്പിലാക്കുന്നു. നിയമ ലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾക്ക് അധികൃതർ ഇന്നലെ താക്കീത് നൽകി. തീരുമാനം നടപ്പാക്കി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നത് പരിഗണിച്ചാണിത്. രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെയാണു കടകൾക്ക് പ്രവർത്തന സമയം നിജപ്പെടുത്തിയിരിക്കുന്നത്
അസമയങ്ങളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ നിരവധി നിയമലംഘനങ്ങൾക്കും ഇവിടങ്ങളിൽ യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണമാകാറുണ്ട് എന്നാണ് അധികൃതർ പറയുന്നത്. രാത്രി 12 മണിക്ക് ശേഷം കടകൾ അടക്കണമെന്ന
തീരുമാനം കുറ്റകൃത്യങ്ങൾ കുറച്ചുനേരം യുവാക്കളുടെ ഒത്തുചേരലുകൾ പരിമിതപ്പെടുത്തുന്നതിനും സഹായക മാകുമെന്നും അധികൃതർ വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാര പരിധിയിൽ പെടുന്നതല്ല എന്നതിനാൽ,മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടാൽ ഇതിനായുള്ള സഹായങ്ങൾ നൽകുക എന്നത് മാത്രമാണു മന്ത്രാലയത്തിന്റെ പങ്ക് എന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.