കുവൈത്ത് സിറ്റി: വേനൽ അവധി സമയത്ത് സ്വദേശങ്ങളിൽ ജനിച്ച പ്രവാസി നവജാത ശിശുക്കളെ തിരികെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് പുതിയ വിസ ചട്ടങ്ങൾ പ്രതികൂലമായി ബാധിക്കുന്നു. കുടുംബ ആശ്രിത വിസകളും സന്ദർശന വിസകളും ഉൾപ്പെടെ എല്ലാത്തരം വിസകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം.
മാനുഷിക പരിഗണന നൽകി നവജാതശിശുക്കളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് മാതാപിതാക്കൾ ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വേനലവധി സമയത്ത് സ്വദേശങ്ങളിൽ പോയി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൽ ഭൂരിഭാഗവും അധ്യാപകരാണ്. ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഏകദേശം 400 അപേക്ഷകളാണ് ബന്ധപ്പെട്ട അധികാരികൾക്ക് ലഭിച്ചത്