കുവൈറ്റ്: രാജ്യത്ത് മൂന്ന് പേർക്ക് കൂടി കോവിഡ് 19 കൊറോണ സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 61 ആയി. നിരീക്ഷണത്തിലിരുന്ന മൂന്ന് പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ച വിവരം കുവൈറ്റ് ആരോഗ്യമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇറാനിൽ നിന്നെത്തിയ ആളുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ വൈറസ് സ്ഥിരീകരിച്ച എല്ലാവരെയും ക്വാറന്റൈൻ ചെയ്തിട്ടുണ്ടെന്നും മുഴുവൻ പേരും ഇറാനിൽ നിന്ന് മടങ്ങിയെത്തിവർ തന്നെയാണെന്നുമാണ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 61 പേരിൽ ഒരാൾ പൂര്‍ണ്ണമായും സുഖം പ്രാപിച്ച വിവരവും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.