കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം ഒക്ടോബർ 18 വരെ മാറ്റിവച്ചു. ഇത് സംബന്ധിച്ച് അമീരി ഉത്തരവ് ഞായറാഴ്ച ഔദ്യോഗിക ഗസറ്റ് കുവൈറ്റ് അൽ-യൂമിൽ പ്രസിദ്ധീകരിച്ചു, കുവൈത്ത് അമീറിന് ഒരു മാസത്തേക്ക് അസംബ്ലി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 106 ന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് സർക്കാർ വക്താവ് താരീഖ് അൽ മസ്‌റം ട്വിറ്ററിൽ പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്.
മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കാൻ പ്രധാനമന്ത്രിക്ക് കൂടുതൽ സമയം അനുവദിക്കാൻ വേണ്ടിയാണ് പാർലമെന്റിന്റെ പ്രഥമ സമ്മേളനം നീട്ടിയത്.
പഴയ സർക്കാരിൽ നിന്ന് നിരവധി മന്ത്രിമാരെ നിലനിർത്തുന്നതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിലെ ഏക തിരഞ്ഞെടുക്കപ്പെട്ട എംപിയായ അമ്മാർ അൽ-അജ്മിയുടെ രാജിയെ തുടർന്ന് എംപിമാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു
എന്നാൽ നിലവിലെ സാഹചര്യത്തിൽ പാർലമെൻറ് സമ്മേളനം നീട്ടിവെക്കുന്നതിന് ആർട്ടിക്കിൾ 106 പ്രയോഗിക്കാനാകില്ലെന്നും നിയമസഭാ സമ്മേളനം നടക്കുമ്പോൾ മാത്രമേ ഇത് ബാധകമാകൂവെന്നും മുൻ നിയമസഭാ സ്പീക്കർ മർസൂഖ് അൽ ഗാനേം പറഞ്ഞു. അതേസമയം, നിയമസഭയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ തീയതി നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ പ്രസ്തുത ആർട്ടിക്കിൾ ഉപയോഗിക്കാമെന്ന് ഗവൺമെന്റിന്റെ ഉന്നത ഭരണഘടനാ ഉപദേഷ്ടാവ് അദെൽ അൽ-തബ്താബായിയും ഭരണഘടനാ വിദഗ്ധനും നിയമ പ്രൊഫസറുമായ മുഹമ്മദ് അൽ-ഫൈലിയും അഭിപ്രായപ്പെട്ടു.
എംപിയും മുൻ മൂന്ന് തവണ സ്പീക്കറുമായ അഹ്മദ് അൽ-സദൂൻ സംഭവവികാസങ്ങളിൽ പ്രതികരിച്ചിട്ടില്ല. അദ്ദേഹം ആയിരിക്കും ഇത്തവണ സ്പീക്കർ ആവുക എന്നാണ് പുറത്തുവരുന്ന സൂചനകൾ